ന്യൂഡൽഹി: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പരമാവധി നിക്ഷേപം നടത്താനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് ഗൗതം അദാനി. രാജ്യത്തെ 22 സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് പ്രവർത്തിക്കുന്നു. ഈ സംസ്ഥാനങ്ങളെല്ലാം ഭരിക്കുന്നത് ബിജെപിയല്ല. ഒരു സംസ്ഥാന സർക്കാരുമായും അദാനി ഗ്രൂപ്പിന് പ്രശ്നങ്ങളില്ല.
കേരളത്തിൽ പോലും പ്രവർത്തിക്കുന്നുണ്ട്. മമതയുടെ പശ്ചിമ ബംഗാളിലും നവീൻ പട്നായ്ക്കിന്റെ ഒഡിഷയിലും അദാനി ഗ്രൂപ്പിന് നിക്ഷേപമുണ്ട്. ജഗൻ മോഹൻ റെഡ്ഡിയുടെയും കെസിആറിന്റെയും സംസ്ഥാനങ്ങളിലും അദാനി ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന് ഗൗതം അദാനി പറഞ്ഞു. വിജയത്തിലേക്കുള്ള സൂത്രവഴി കഠിനാധ്വാനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് വ്യക്തിപരമായി ഒരു സഹായവും നേടാൻ ആർക്കും ഒരിക്കലും കഴിയില്ല. ദേശീയ താത്പര്യത്തിനനുസരിച്ചുള്ള നയങ്ങളെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാനാകും. അദാനി ഗ്രൂപ്പിന് വേണ്ടി മാത്രമുള്ളതാകില്ലെന്നും ഗൗതം അദാനി വിശദീകരിച്ചു.