മലയാളികള്‍ക്ക് മധുരമുള്ള സംഗീതത്തിൻ്റെ കാലമാണ് യേശുദാസ്. യേശുദാസിൽ വിരിയാത്ത കാലവും രാഗവും ഭാവവുമില്ല.
1940 ജനുവരി 10 ന് ഫോർട്ട് കൊച്ചിയിൽ പ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളിൽ മൂത്തവനായി യേശുദാസ് ജനിച്ചു. ആദ്യ ഗുരു അച്ഛൻ തന്നെ. എട്ടാം വയസ്സിൽ പ്രാദേശിക സംഗീത മത്സരത്തിൽ നേടിയ സ്വർണപ്പതക്കം വരാനിരിക്കുന്ന സംഗീതവസന്തത്തിന്‍റെ സൂചനയായി.
കരുവേലിപ്പടിക്കൽ കുഞ്ഞൻ വേലു ആശാന്റയും പള്ളുരുത്തി രാമൻ കുട്ടി ഭാഗവതരുടെയും ശിഷ്യത്വം യേശുദാസിനെ ശ്രദ്ധേയനാക്കി. 1960 ൽ തൃപ്പൂണിത്തുറ ആർ എൽ വി അക്കാദമിയിൽ നിന്ന് ഒന്നാം റാങ്കോടെ ഗാനഭൂഷണം പാസ്സായി. സംഗീത ഭൂഷണത്തിന് തിരുവനന്തപുരം സ്വാതി തിരുനാൾ അക്കാദമിയിൽ എത്തിയത് വഴിത്തിരിവായി. പ്രിൻസിപ്പലായിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ വഴി സാക്ഷാൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സവിധത്തിലേക്ക്. എം ബി ശ്രീനിവാസിന്‍റെ സംഗീതത്തിൽ കാൽപ്പാടുകൾ എന്ന സിനിമയിൽ ശ്രീനാരായണ ഗുരുവിന്‍റെ “ജാതിഭേദം മതദ്വേഷം’ എന്ന വരികൾ പാടി സിനിമാ സംഗീത ലോകത്തേക്ക്.
അവിടുന്നിങ്ങോട്ട് യേശുദാസിൻ്റെ കാലമായിരുന്നു മലയാള സിനിമ സംഗീതത്തിന്. ആ ശബ്ദം കേൾക്കാതെ ഒരു ദിവസം പോലും കടന്നുപോയിട്ടുണ്ടാകില്ല മലയാളിക്ക്.
പ്രതിഭകളായ സംഗീതജ്ഞരും യേശുദാസിൻ്റെ ശബ്ദത്തിനായി കാത്തിരുന്നു. യേശുദാസിൻ്റെ ശബ്ദത്തിൽ വിരിഞ്ഞ ഗാനങ്ങളൊക്കെയും തലമുറകളും കടന്നു പാടി. അങ്ങനെ മലയാളസിനിമ സംഗീതത്തിൻ്റെ തന്നെ ചരിത്രമായി യേശുദാസ്.
പല ഭാഷകളിൽ മുപ്പതിനായിരത്തിലേറെ ഗാനങ്ങൾ പാടി. അങ്ങനെ
യേശുദാസ് നമുക്ക് ഗന്ധർവ്വനായി. തലമുറകൾക്ക് പകരം വയ്ക്കാനില്ലാത്ത ഗായകനും