പട്ടിണി കിടക്കുന്നവര്‍ ക്രിക്കറ്റ് കാണേണ്ടെന്ന കായിക മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവനയില്‍ വിമര്‍ശനം. മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവന ഞെട്ടിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. മന്ത്രിയുടെ വിമര്‍ശനം അസംബന്ധവും ധാര്‍ഷ്ട്യവും നിറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
നികുതി വര്‍ധനവ് ജനങ്ങളുടെ പോക്കറ്റടിക്കുന്ന നടപടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കായികമന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണം. നികുതിനിരക്ക് കുറയ്ക്കണം. തനിക്ക് ഇഷ്ടമുള്ള വ്യക്തിയാണ് മന്ത്രി. പക്ഷേ ഇങ്ങനെയുള്ള പ്രസ്താവനകള്‍ അദ്ദേഹം പിന്‍വലിക്കണം. എല്ലാവര്‍ക്കും കാണേണ്ട കളിയാണ് ക്രിക്കറ്റ്. പണക്കാര്‍ക്ക്് മാത്രമല്ല. നികുതി നിരക്ക് കൂട്ടുന്ന നടപടി പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബ് സ്‌റ്റേഡിയത്തില്‍ ഈ മാസം 15ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദ നികുതിയാണ് കൂട്ടിയത്. നടപടിയെ ന്യായീകരിച്ച് രംഗത്തുവന്നപ്പോഴാണ് മന്ത്രി പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടതില്ലെന്ന വിവാദ പ്രസ്താവന നടത്തിയത്. സംഘാടകര്‍ അമിത ലാഭമെടുക്കാതിരിക്കാനാണ് നികുതി കുറയ്ക്കാത്തതെന്നാണ് മന്ത്രി പറഞ്ഞത്.