അര്‍ബുദകോശങ്ങളെ നശിപ്പിക്കാനും അര്‍ബുദം വീണ്ടും ഉണ്ടാകുന്നത് തടയാനും സഹായിക്കുന്ന ആന്‍റി കാന്‍സര്‍ വാക്സീന്‍ വികസിപ്പിച്ച് അമേരിക്കയിലെ ബോസ്റ്റണിലുള്ള ഗവേഷകര്‍. ബ്രിങ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ സെന്‍റര്‍ ഫോര്‍ സ്റ്റെം സെല്‍ ആന്‍ഡ് ട്രാന്‍സ്‌ലേഷണല്‍ ഇമ്മ്യൂണോതെറാപ്പിയിലാണ്(സിഎസ്ടിഐ) ഇത് സംബന്ധിച്ച ഗവേഷണം നടന്നത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ തലച്ചോറിലെ അര്‍ബുദമായ ഗ്ലിയോബ്ലാസ്റ്റോമയ്ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഈ വാക്സീന് സാധിച്ചതായി സയന്‍സ് ട്രാന്‍സ്‌ലേഷണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ജീവനുള്ള അര്‍ബുദകോശങ്ങളില്‍ ജനിതക എന്‍ജിനീയറിങ്ങിലൂടെ മാറ്റം വരുത്തിയാണ് ഈ കാന്‍സര്‍ വാക്സീന്‍ വികസിപ്പിച്ചത്. സാധാരണ വാക്സീനുകള്‍ നിര്‍വീര്യമായ അര്‍ബുദകോശങ്ങളെയാണ് ഉപയോഗപ്പെടുത്താറുള്ളത്. എന്നാല്‍ ജീവനുള്ള അര്‍ബുദ കോശങ്ങള്‍ ഉപയോഗിക്കുന്നത് തലച്ചോറിലൂടെ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ വാക്സീനെ സഹായിക്കുമെന്ന് സിഎസ്ടിഐയിലെ ഗവേഷകന്‍ ഖാലിദ് ഷാ പറയുന്നു.
ജനിതക എഡിറ്റിങ് ടൂളായ CRISPR-Cas9 ഉപയോഗിച്ചാണ് അര്‍ബുദ കോശങ്ങളെ ഗവേഷകര്‍ അര്‍ബുദങ്ങളെ നശിപ്പിക്കുന്ന ആന്റി കാൻസർ ഏജന്‍റാക്കി മാറ്റിയത്. ജനിതക എന്‍ജിനീയറിങ് നടത്തപ്പെട്ട കോശങ്ങളെ പ്രതിരോധ സംവിധാനത്തിന് വീണ്ടും എളുപ്പത്തില്‍ കണ്ടെത്താവുന്ന രീതിയില്‍ രൂപകല്‍പന ചെയ്യുക വഴി ദീര്‍ഘകാല പ്രതിരോധം സാധ്യമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. തലച്ചോറിലെ അര്‍ബുദത്തിനെതിരെയാണ് പരീക്ഷിക്കപ്പെട്ടതെങ്കിലും പലതരം അര്‍ബുദങ്ങള്‍ക്ക് എതിരെ ഇത് ഫലപ്രദമാണെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ അര്‍ബുദത്തിനെതിരെയുള്ള വാക്സീനുകള്‍ നിര്‍മാണത്തിന്‍റെ പല ഘട്ടങ്ങളിലുണ്ട്. കഴിഞ്ഞ വര്‍ഷം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്‌ഷ്യസ് ഡിസീസ് ‘വാക്സ്-ഇന്നേറ്റ് ‘ എന്നൊരു പരീക്ഷണ വാക്സീന്‍ നിര്‍മിച്ചിരുന്നു. ഞരമ്പുകളിലൂടെ ഈ വാക്സീന്‍ നല്‍കിയാല്‍ അര്‍ബുദത്തിനെതിരെ പൊരുതുന്ന ടി സെല്ലുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കും. 2020ല്‍ ട്രാന്‍സ്‌ലേഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച മറ്റൊരു വാക്സീന്‍ മനുഷ്യരില്‍ പരീക്ഷണത്തിനും തയാറായിട്ടുണ്ട്.