കൊച്ചി : മുഖ്യമന്ത്രിയും മന്ത്രിമാരും പ്രിൻസിപ്പൽ സെക്രട്ടറിമാരും അടങ്ങുന്ന സംഘത്തിന്റെ യൂറോപ്യൻ യാത്രയിൽ നോർവേ മാത്രം സന്ദർശിച്ചതിന്റെ ചെലവ് 47 ലക്ഷം രൂപയെന്നു വിവരാവകാശ രേഖ. നോർവേയിലെ ഇന്ത്യൻ എംബസി എറണാകുളം തുതിയൂർ സ്വദേശി എസ്. ധനരാജിന്റെ അപേക്ഷയിൽ നൽകിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ നോർവേ മാതൃക പഠിക്കാനായാണ് യാത്ര എന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. ഈ മേഖലകളിലെ സഹകരണത്തിനും പുതിയ പദ്ധതികൾക്കു നോർവേയുടെ സഹായ വാഗ്ദാനവും ഉണ്ടായിരുന്നെങ്കിലും ഒരു എംഒയു പോലും യാത്രയിൽ ഒപ്പിട്ടിട്ടില്ല എന്നും രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. 2019നു ശേഷം നോർവേ സന്ദർശിച്ചിട്ടുള്ള ഏതെങ്കിലുമൊരു ഇന്ത്യൻ മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണെന്നും വ്യക്തമാക്കുന്നു. കേരളത്തിൽ ഭക്ഷ്യ സംസ്കരണ മേഖലയിൽ 150 കോടി രൂപയുടെ തുടർ നിക്ഷേപം നടത്തുമെന്നു നോർവീജിയൻ കമ്പനി ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സ് സിഇഒ മുഖ്യമന്ത്രിക്ക് ഉറപ്പു നൽകിയിരുന്നതായി അവകാശപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി പി.രാജീവ്, ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാൻ, ചീഫ് സെക്രട്ടറി വി.പി.ജോയ്, പ്രിൻസിപ്പൽ സെക്രട്ടറിമാരായ കെ.ആർ.ജ്യോതിലാൽ, കെ.എസ്.ശ്രീനിവാസ്, സുമൻ ബില്ല, മുഖ്യമന്ത്രിയുടെ പിഎ വി.എം.സുനീഷ്, സ്പെഷൽ ഓഫിസർ വേണു രാജാമണി എന്നിവരുടെ സംഘം നോർവേ സന്ദർശിച്ചത്. നോർവേയ്ക്കു പുറമേ ഇംഗ്ലണ്ട്, വെയിൽസ് തുടങ്ങിയ രാജ്യങ്ങളും സംഘം സന്ദർശിച്ചിരുന്നു.