പി. പി.ചെറിയാൻ
ന്യൂയോർക്ക് : ശൈത്യം അതിരൂക്ഷമായതോടെ അമേരിക്കയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സ്കൂളുകളിൽ മാസ്ക്ക് നിർബന്ധമാക്കുന്നു. വിന്റർ ബ്രേക്കിനു മുൻപു തന്നെ ന്യൂജഴ്സി, പെൻസിൽവാനിയ തുടങ്ങിയ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി അധികൃതർ ഉത്തരവിറക്കിയിരുന്നു. വിദ്യാർഥികൾക്കും അധ്യാപകർക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വർധിച്ചതോടെയായിരുന്നു നടപടി.
മാസച്യുസെറ്റ്സും മിഷിഗണും ഷിക്കാഗോയും ഇതേ മാതൃക പിന്തുടരുന്നു. ഷിക്കാഗോയിലെ വിദ്യാർഥികൾ റാപ്പിഡ് കോവിഡ് ടെസ്റ്റുകൾ നടത്തണമെന്നും അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്. സ്കൂളുകളിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ടെസ്റ്റ് നടത്തിയിരിക്കണമെന്നും വ്യക്തമാക്കുന്നു. ബോസ്റ്റൺ ചെൽസിയ പബ്ലിക്ക് സ്കൂളുകളും സഫ്‌ലോക്ക് കൗണ്ടി ഹൈ റിസ്ക്ക് കോവിഡ് സാഹചര്യം പ്രഖ്യാപിച്ചതിനാൽ മാസ്ക്ക് വേണമെന്ന് നിർദേശിച്ചിട്ടുണ്ട്. ജനുവരി 9 മുതലാണ് മാസ്ക്ക് നിർബന്ധമാക്കുന്നതെന്ന് സൂപ്രണ്ട് ഡോ. അൽമി ജി എബിറ്റ് പറഞ്ഞു.
മിഷിഗൺ സ്കൂളുകൾ ജനുവരി 9 മുതൽ രണ്ടാഴ്ചത്തേക്കാണു മാസ്ക്ക് നിർബന്ധമാക്കിയിരിക്കുന്നത്. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ പുറത്തുവിട്ട ഡാറ്റായനുസരിച്ച് യുഎസിൽ കോവിഡ് കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ആർഎസ്‌വി ഇൻഫ്ലുവൻസ് കേസുകൾ കുറഞ്ഞു വരുന്നതായാണ് വ്യക്തമാക്കുന്നത്.
നവംബർ 30 മുതൽ ഡിസംബർ നാലു വരെ കോവിഡ് കേസുകൾ 309253 ൽ നിന്നും 470699 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് സിഡിസി വ്യക്തമാക്കി.