അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പൂർണമായും കയ്യേറി സർക്കാർ സ്ഥാപിച്ചതോട് കൂടി സ്ത്രീകളുടെ അവകാശങ്ങൾ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അഫ്ഗാനിസ്ഥാനിലെ ബാൽഖ് പ്രവിശ്യയിലെ സ്ത്രീകൾക്ക് ചികിത്സയ്ക്കായി പുരുഷ ഡോക്ടറെ കാണാൻ കഴിയില്ല എന്ന പുതിയ നയം വന്നിരിക്കുകയാണ്.
പബ്ലിക് അഫയേഴ്‌സ് ആൻഡ് ഹിയറിങ് ഓഫ് താലിബാൻ കംപ്ലയിന്റ്‌സ് ഡയറക്ടറേറ്റാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അത് പ്രകാരം ഇവിടെ സ്ത്രീകൾക്ക് ചികിത്സക്കായി പുരുഷ ഡോക്ടറെ കാണാൻ അനുവാദമില്ല. അതോടെ, എന്തു ചെയ്യും എന്ന ആശങ്കയിലാണ് ജനങ്ങൾ. സ്ത്രീകൾക്ക് സർവകാലാശാല വിദ്യാഭ്യാസം നിഷേധിച്ച് അധികം വൈകും മുമ്പാണ് പുതിയ നിർദ്ദേശവുമായി താലിബാൻ എത്തിയിരിക്കുന്നത്.
വാർത്താ ഏജൻസിയായ WION -ന്റെ ഒരു പ്രത്യേക റിപ്പോർട്ടിൽ പറയുന്നത് പ്രകാരം, താലിബാന്റെ പുതിയ നയം സ്ത്രീ രോഗികളെ ചികിത്സിക്കുന്നതിൽ നിന്നും പുരുഷ ഡോക്ടർമാരെ വിലക്കുന്നതാണ്. ഒപ്പം എല്ലാ ആശുപത്രികളിലും ഇത് സംബന്ധിച്ച പരിശോധനയും ഉണ്ടാകും.
സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസ കാര്യത്തിൽ താലിബാനെടുത്ത നിലപാട് തന്നെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും വലിയ തരത്തിലുള്ള വിമർശനങ്ങൾക്ക് കാരണമായിത്തീർന്നിരുന്നു. അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ അവകാശങ്ങൾ ഓരോന്നായി ഇല്ലാതാവുന്നതിനെ ചൊല്ലി കഴിഞ്ഞയാഴ്ചയാണ് യുഎൻ സുരക്ഷാ കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചത്. എത്രയും വേഗം സ്കൂൾ തുറക്കണമെന്നും പെൺകുട്ടികളോടും സ്ത്രീകളോടും താലിബാൻ കാണിക്കുന്ന ഈ നയങ്ങൾ തിരുത്തണം എന്നും പിന്നാലെ യുഎൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഗ്രൂപ്പ് ഓഫ് സെവൻ രാജ്യങ്ങളും താലിബാനോട് വനിതാ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഈ നിരോധനം എത്രയും വേഗം നീക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇവയൊന്നും തന്നെ താലിബാൻ കണക്കിലെടുത്തിട്ടില്ല. ഓരോ ദിവസവും പൊതുമേഖലകളിൽ നിന്നും സ്ത്രീകൾ തുടച്ചു മാറ്റപ്പെട്ടു കൊണ്ടിരിക്കുകയാണ്.