ഫത്തേഹാബാദ്: നൂറിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അതിന്റെ വീഡിയോ ക്ലിപ്പുകൾ നിർമ്മിക്കുകയും ചെയ്തതിന് ജലേബി ബാബ എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആൾദൈവമായ അമർപുരിയ്ക്ക് ഹരിയാനയിലെ അതിവേഗകോടതി 14 വർഷം തടവ്ശിക്ഷ വിധിച്ചു. സഹായം അഭ്യർത്ഥിച്ച് തന്റെയടുത്ത് വരുന്ന സ്ത്രീകളെ പ്രതി മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്യാറുണ്ടായിരുന്നു. ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് വീഡിയോ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു പതിവ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ട് തവണ ബലാത്സംഗം ചെയ്തതിന് പോക്സോ വകുപ്പ് പ്രകാരം, 63 കാരനായ അമർപുരിക്ക് അഡീഷണൽ ജില്ലാ ജഡ്ജി ബൽവന്ത് സിംഗ് 14 വർഷം തടവും സെക്ഷൻ 376 പ്രകാരം രണ്ട് ബലാത്സംഗ കേസുകളിൽ 7 വർഷം തടവും വിധിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ -സി, ഐടി ആക്ടിലെ സെക്ഷൻ 67-എ പ്രകാരം 5 വർഷം തടവും വിധിച്ചിട്ടുണ്ട്. എല്ലാ ശിക്ഷകളും ഒരേസമയം അനുഭവിച്ചാൽ മതിയെന്നും ആൾദൈവം 14 വർഷം ജയിലിൽ കിടക്കുമെന്നും ഇരകൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ സഞ്ജയ് വർമ പറഞ്ഞു.
അമർപുരി എന്ന ബില്ലു കുറ്റം ചെയ്തതായി തെളിഞ്ഞെന്ന് ജനുവരി 5നാണ് കോടതി വിധിച്ചത്. ഇന്ന് ശിക്ഷാവിധി അറിഞ്ഞതോടെ കോടതി മുറിയിൽ ഇയാൾ പൊട്ടിക്കരഞ്ഞു. ഇരകളാക്കപ്പെട്ട നിരവധി സ്ത്രീകളിൽ ആറ് പേർ കോടതിയിൽ ഹാജരായി. ഇരകളായ മൂന്ന് പേരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.