ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ക്ഷണം ലഭിച്ചിട്ടില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യാത്രയുടെ സമാപനത്തിന് 21 പാർട്ടികളെ രാഹുൽ ഗാന്ധി ക്ഷണിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സീതാറാം യെച്ചൂരിക്കും യാത്രക്ക് ക്ഷണം ലഭിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ.
തൃണമൂൽ കോൺഗ്രസ്, നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ്, ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി, ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ, അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി, മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടി തുടങ്ങിയ പാർട്ടികൾക്കെല്ലാം ഭാരത് ജോഡോ യാത്രക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
അതേസമയം, ഡൽഹിയിലും പഞ്ചാബിലും ഭരണത്തിലുള്ള ആം ആദ്മി പാർട്ടിയെ ക്ഷണിച്ചവരുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതു ശ്രദ്ധേയമായിരുന്നു. ചൈനയിൽ കോവിഡ് വ്യാപിച്ച സമയത്ത് ഭാരത് ജോഡോ യാത്രയിൽ കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമാക്കണമെന്ന് എഎപി ആവശ്യപ്പെട്ടത് കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.