പി. പി. ചെറിയാൻ
ഹൂസ്റ്റൺ : വിവാഹം കഴിച്ചു മൂന്നു മാസം തികയും മുൻപു ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിമുറിച്ചു കുഴിച്ചു മൂടിയ ഭർത്താവ് അറസ്റ്റിൽ. ജനുവരി 11 നാണ് ഈ ദാരുണ സംഭവം നടന്നത്. എൻജി ഡയസ് എന്ന യുവതിയാണ് ഭർത്താവ് ജറീസ് ഡിക്കഡിന്റെ ക്രൂരതയ്ക്ക് ഇരയായത്. ഇരുവർക്കും 21 വയസ്സായിരുന്നു.
നിക്വരാഗൻ പൗരത്വമുള്ള എൻജിക്ക് ആവശ്യമായ ഇമ്മിഗ്രേഷൻ രേഖകൾ ഒന്നും ഇല്ലായിരുന്നുവെന്നു ഹലർ കൗണ്ടി ഷെറിഫ് അറിയിച്ചു.
ഇവരുടെ വിവാഹ ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായും പലപ്പോഴും ഇവരുടെ വീട്ടിൽ നിന്നു ഡിസ്റ്റർബൻസ് കോളുകൾ വന്നിരുന്നതായും പൊലീസ് പറഞ്ഞു.
വാലർ കൗണ്ടി ജഡ്ജിനു മുമ്പാകെ ഒക്ടോബർ 21നാണ് ഇവരുടെ വിവാഹം നടന്നതെന്ന് അധികൃതർ പറഞ്ഞു. ജറിഡിന്റെ മാതാപിതാക്കൾ താമസിക്കുന്ന നോർത്ത് വെസ്റ്റ് ഹൂസ്റ്റണിലെ വീടിനു സമീപമുള്ള പ്രധാന വീട്ടിലാണു നവദമ്പതികൾ താമസിച്ചിരുന്നത്. ജറിഡിന്റെ കുടുംബാംഗങ്ങളാണു സംഭവം പൊലീസിനെ വിളിച്ചറിയച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ വീട്ടിനകത്തു നിന്നു ശിരസ്സ് ഒഴികെയുള്ള ഭാഗങ്ങളും വീടിനു പുറകിൽ വിശാലമായ സ്ഥലത്തു രക്തത്തിൽ കുതിർന്ന നിലയിൽ തലയും കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെടുത്തതായി ഷെറിഫ് ഓഫിസ് അറിയിച്ചു.
ജറിഡിനെ പൊലീസ് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കൊലപാതകത്തിനു കേസ്സെടുത്തു. കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തണമോ എന്നു പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നു ഷെറിഫ് പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിനു നീതി ലഭിക്കുന്നത് ഉറപ്പാക്കുമെന്നു വാലൻ കൗണ്ടി അറ്റോർണി ഓഫിസ് പറഞ്ഞു.