ന്യൂഡൽഹി : ഡൽഹി– പുണെ സ്പൈസ്ജെറ്റ് വിമാനത്തിൽ ബോംബുണ്ടെന്ന് വ്യാജ ഫോൺ സന്ദേശം നൽകിയതിന് യുവാവ് അറസ്റ്റിൽ. ബ്രിട്ടിഷ് എയർവേയ്സിലെ ട്രെയ്‌നി ഉദ്യോഗസ്ഥനായ അഭിനവ് പ്രകാശ് (24) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് ആറരയ്ക്കു ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനത്തിലാണ് ബോംബുണ്ടെന്ന് ഫോൺ സന്ദേശം ലഭിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താത്തതിനാൽ വിമാനം സർവീസ് നടത്തി.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഡൽഹി പൊലീസിന്റെ പ്രത്യേക സംഘമാണ് അഭിനവ് പ്രകാശിനെ പിടികൂടിയത്. ബ്രിട്ടിഷ് എയർവേയ്‌സ് ടിക്കറ്റിങ് കൗണ്ടറിലെ ട്രെയിനി ജീവനക്കാരനാണ് അഭിനവ്. പുണെയിലേക്ക് പോകുന്ന കാമുകിമാരുമായി തന്റെ സുഹൃത്തുക്കൾക്ക് കുറച്ച് സമയം ചെലവഴിക്കാൻ വേണ്ടിയാണ് വിമാനത്തിൽ ബോംബുണ്ടെന്ന് വ്യാജ സന്ദേശം നൽകിയതെന്ന് അഭിനവ് അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു.
‘‘അഭിനവിന്റെ രണ്ടു സുഹൃത്തുക്കൾ മണാലി യാത്രയ്ക്കിടെ രണ്ടു യുവതികളുമായി പരിചയത്തിലായി. ഇവർ സ്‌പൈസ് ജെറ്റ് വിമാനത്തിൽ പുണെയിലേക്ക് പോകേണ്ടതായിരുന്നു. കാമുകിമാരോടൊപ്പം കുറച്ച് സമയം കൂടി ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് വിമാനം വൈകിപ്പിക്കുന്നതിനു വേണ്ടിയാണ് വ്യാജ ഫോൺ സന്ദേശം നൽകിയത്.’’– പൊലീസ് പറഞ്ഞു.
ബോംബുണ്ടെന്ന ഫോൺ സന്ദേശം വന്നതോടെ സിഐഎസ്എഫ്, ഡൽഹി പൊലീസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു. യാത്രക്കാരെ കയറ്റുന്നത് താൽക്കാലികമായി നിർത്തിവച്ച് ബോംബ് സ്ക്വാഡിനെ വിവരം അറിയിച്ചു. തുടർന്നു നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താതിനെ തുടർന്നാണ് സന്ദേശം വ്യാജമായിരുന്നെന്ന് തിരിച്ചറിഞ്ഞത്