കുവൈറ്റ് സിറ്റി: കുവൈറ്റിൽ അധ്യാപക മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കുന്നു. ഈ അധ്യയന വർഷത്തിന്റെ അവസാനത്തോടെ 1,875 പ്രവാസി അധ്യാപകരെ പിരിച്ചുവിടാന്‍ വിദ്യാഭ്യാസ – ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ വകുപ്പ് മന്ത്രി ഡോ. ഹമദ് അല്‍ അദ്വാനി നിര്‍ദേശം നല്‍കിയതായി അല്‍ ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
പ്രവാസികളെ ഒഴിവാക്കുന്ന അതേ അനുപാതത്തില്‍ യോഗ്യതയുള്ള സ്വദേശി അധ്യാപകരെ പകരം നിയമിക്കും. നിലവില്‍ 25 ശതമാനത്തില്‍ താഴെ മാത്രം പ്രവാസികള്‍ ജോലി ചെയ്യുന്ന സ്പെഷ്യലൈസേഷനുകളില് എല്ലാ പ്രവാസികളെയും പിരിച്ചുവിടാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. പകരം അത്രയും എണ്ണം സ്വദേശികളെ നിയമിക്കും.
വിദ്യാഭ്യാസ മേഖലയില്‍ ഓരോ രംഗത്തും നടപ്പാക്കേണ്ട സ്വദേശിവത്കരണ നിരക്ക് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇതിനോടകം തന്നെ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ പ്രക്രിയയുടെ സ്ഥിരതയും ഗുണനിലവാരവും ഉറപ്പുവരുത്തിക്കൊണ്ടാകും സ്വദേശിവത്കരണമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.