തൊഴിൽ നഷ്ടപ്പെടുന്നവർക്കായി യു.എ.ഇ ആവിഷ്കരിച്ച ഇൻഷ്വറൻസ് പദ്ധതിയിൽ ജനുവരി ഒന്നുമുതൽ ഇതുവരെ അറുപതിനായിരത്തിലധികം തൊഴിലാളികൾ അംഗമായതായി അധികൃതർ അറിയിച്ചു. പദ്ധതിയിൽ ജൂൺ 30നകം എല്ലാ ജീവനക്കാരും അംഗങ്ങളാവണമെന്നാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. പ്രവാസി മലയാളികൾക്കുൾപ്പെടെ ഗുണകരമായ പദ്ധതിയാണ് യുഎഇ നടപ്പാക്കുന്നത്. ( Insurance scheme in UAE for those who lose their jobs ).
യുഎഇയിൽ ജോലി നഷ്ടപ്പെട്ടാലും അടിസ്ഥാന ശമ്പളത്തിന്റെ അറുപത് ശതമാനം മൂന്ന് മാസം ലഭിക്കുന്നതാണ് ഇൻഷ്വറൻസ് പദ്ധതി. ഇതിൽ അംഗമാവാനുളള അവസരം ഈ വർഷം ജനുവരി ഒന്ന് മുതലാണ് നടപ്പാക്കിത്തുടങ്ങിയത്. രാജ്യത്തെ സ്വകാര്യ മേഖലാ ജീവനക്കാരും ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരും ഇൻഷ്വറൻസ് പദ്ധതയിൽ ചേരണം എന്ന് മാനവിഭവശേഷം സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
പദ്ധതിയോട് തൊഴിലാളികളുടെ ഭാഗത്തുനിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് ഇപ്പോൾ അധികൃതർ അറിയിച്ചിരിക്കുന്നത്. പദ്ധതിയിൽ അംഗമാവാനുളള അവസരം ആരംഭിച്ച് ദിവസങ്ങൾക്കുളളിൽ തന്നെ 60000 അധികം ആളുകൾ പദ്ധതിയുടെ ഭാഗമായിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 16,000 ദിർഹം വരെ ശമ്പളമുള്ളവർക്ക് മാസം അഞ്ച് ദിർഹം അല്ലെങ്കിൽ വർഷം 60 ദിർഹം നൽകിയാണ് പദ്ധതിയിൽ അംഗമാവേണ്ടത്.
ശമ്പളം 16,000 ദിർഹത്തിന് മുകളിലുളളവർ മാസം പത്ത് ദിർഹമോ വർഷം 120 ദിർഹമോ അടക്കേണ്ടിവരും. ഐ.എൽ.ഒ.ഇ യുടെ വെബ്സൈറ്റ് വഴിയോ സ്മാർട്ട് ആപ്പ് വഴിയോ ഇൻഷ്വറൻസിൽ ചേരാം. ഇത്തിസാലാത്ത്, ഡു, അൽ അൻസാരി എക്സ്ചേഞ്ച്, ബാങ്ക് എ.ടി.എമ്മുകൾ തുടങ്ങിയവ മുഖേനയും ഇൻഷ്വറൻസിൻറെ ഭാഗമാകാം. ഇതിലൂടെ പ്രീമിയം അടക്കാനും സാധിക്കും. അതേസമയം ജൂൺ 30നകം പദ്ധതിയുടെ ഭാഗമായില്ലെങ്കിൽ 400 ദിർഹം വീതം പിഴ അടക്കേണ്ടി വരും. ഒപ്പം പ്രീമിയം അടവിൽ വീഴ്ചവരുത്തിയാൽ 200 ദിർഹം പിഴ നൽകണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.