പോഖറ: നേപ്പാളിലെ പോഖറ വിമാന അപകടത്തിൽ ഇന്നലെ നടന്നിയ തെരച്ചിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി.ഇനി കണ്ടെത്താനുള്ള രണ്ട് പേർക്കായി ഇന്ന് തെരച്ചിൽ പുനരാരംഭിക്കും. വിമാനത്തിൽ ഉണ്ടായിരുന്ന 72 പേരും മരിച്ചതായി നേപ്പാൾ സൈന്യം സ്ഥിരീകരിച്ചു. പരിശോധനയിൽ കണ്ടെത്തിയ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കൈമാറി. ബ്ലാക്ക് ബോക്‌സ് ഇന്ന് പരിശോധിക്കുന്നതോടെ അപകടത്തിന്റെ യഥാർത്ഥ കാരണത്തിലേക്ക് എത്താൻ കഴിയും എന്നാണ് പ്രതീക്ഷ.
അപകടം അന്വേഷിക്കാൻ നിയോഗിച്ച സമിതിയുടെ പരിശോധനകളും പുരോഗമിക്കുന്നു. സമിതിയോട് 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം. കണ്ടെത്തിയ മൃതദേഹങ്ങൾ പലതും തിരിച്ചറിയാനുണ്ട്. അതിനായി ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തും.
വിമാനത്തിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 15 വിദേശികളാണ് ഉണ്ടായിരുന്നത്. സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് നേപ്പാളിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഞായറാഴ്ച കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്ന യതി എയർലൈൻസിന്റെ വിമാനം പോഖറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റിങ്ങിനിടെ മലയിടുക്കിലേക്ക് തകർന്നുവീഴുകയായിരുന്നു. എട്ട് മാസത്തിനിടെ നേപ്പാളിൽ നടക്കുന്ന രണ്ടാമത്തെ വിമാനം അപകടമാണ് ഇത്.