ഹൂസ്റ്റണ്‍ • ചൈനയ്‌ക്കെതിരെ ശക്തമായ നിലപാടുമായി മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്ത്. ബുധനാഴ്ച പുറത്തിറക്കിയ പുതിയ 2024 കാമ്പെയ്ന്‍ വിഡിയോയില്‍ ചൈനീസ് പിന്തുണയുള്ള കമ്പനികള്‍ യുഎസില്‍ ‘സുപ്രധാനമായ അടിസ്ഥാന സൗകര്യങ്ങള്‍’ വാങ്ങാനുള്ള അവകാശം ഇല്ലാതാക്കുമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ചൈനീസ് സര്‍ക്കാരും അതിന്റെ ഡോളറില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ്സുകളും ‘അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ കിരീടം ഏറ്റെടുക്കാന്‍ ട്രില്യണ്‍ കണക്കിന് ഡോളര്‍ ചിലവഴിക്കുന്നു’വെന്ന് മുന്‍ പ്രസിഡന്റ് ആരോപിച്ചു. ചൈനീസ് പൗരന്മാര്‍ യുഎസ് കൃഷിഭൂമി വാങ്ങുന്നത് നിരോധിക്കണമെന്ന സുപ്രധാനമായ ആവശ്യവും അദ്ദേഹവും മുന്നോട്ടു വയ്ക്കുന്നു.
2024 ലെ പ്രചാരണ പാതയില്‍ ഈ വിഷയം ഉയര്‍ത്തിയതില്‍ സന്തോഷമുണ്ടെന്ന് ഫ്ലോറിഡ പ്രതിനിധി മൈക്ക് വാള്‍ട്‌സ് പ്രതികരിച്ചു. ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തിനെതിരെ കോണ്‍ഗ്രസില്‍ ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് അദ്ദേഹം. ഫ്ലോറിഡയില്‍ ചൈനീസ് മേധാവിത്വം തടയാന്‍ നടപടി സ്വീകരിച്ചതിനു പിന്നില്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ്. ‘ദേശീയ സുരക്ഷാ ഭീഷണിയായതിനാല്‍ ഈ പ്രശ്നത്തിന് രാജ്യത്തുടനീളമുള്ള നേതാക്കളില്‍ നിന്ന് പിന്തുണ ആവശ്യമാണ്, പ്രസിഡന്റ് ട്രംപ് ഇത് ഒരു പ്രചാരണ മുന്‍ഗണനയാക്കി മാറ്റിയതില്‍ എനിക്ക് സന്തോഷമുണ്ട്’–വാള്‍ട്ട്‌സ് പറഞ്ഞു.
വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയിലെ കൃഷിയിടങ്ങളില്‍ ചൈനീസ് നിക്ഷേപം നിരോധിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനം തടയുന്നതിനുള്ള തന്ത്രപരമായ നിര്‍ദ്ദേശം ഡോണള്‍ഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെയാണ് പ്രഖ്യാപിച്ചത്. ‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും മറ്റു പ്രതികൂല വിദേശ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഇത്തരത്തിലുള്ള വാങ്ങലുകള്‍ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കും. ഈ വിഷയത്തിൽ ഫ്ലോറിഡയുടെ സ്ട്രാറ്റജിക് ലാന്‍ഡ് പ്ലാന്‍ അനുകരണീയമാണ്. നിയമ നിര്‍മാതാക്കള്‍ ഇക്കാര്യം ശ്രദ്ധിക്കുമെന്ന് കരുതുന്നു’–ട്രംപ് കുറിച്ചു.