പി.പി.ചെറിയാൻ
ഡാലസ് : ടെക്സസ് സംസ്ഥാനത്തു പൊതുവെയും ഡാലസിൽ പ്രത്യേകിച്ചു കോഴിമുട്ടയുടെ വില കുതിച്ചുയരുന്നു. എല്ലാ നിത്യോപയോഗ വസ്തുക്കളുടെയും വിലയിൽ കാര്യമായ വർദ്ധനവുണ്ടെങ്കിലും അതിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് മുട്ടയുടെ വിലയിലുള്ള കുതിച്ചു കയറ്റം. ഒരു മാസം മുമ്പു ഒരു ഡസൻ മുട്ട (12 എണ്ണം) ഒരു ഡോളറിനു താഴെ ലഭിച്ചിരുന്ന സാഹചര്യത്തിൽ ഇപ്പോൾ (ജനുവരി 19) ഒരു ഡസൻ മുട്ടയുടെ വില 5 ഡോളർ 22 സെന്റായി ഉയർന്നു.
അതേ സമയം മെക്സിക്കോയിൽ നിന്നും അതിർത്തി കടത്തി നിയമവിരുദ്ധമായി മുട്ട കൊണ്ടുവരുന്നവർക്ക് പിഴ ചുമത്തുമെന്ന് അധികൃതർ വെളിപ്പെടുത്തി. 10,000 ഡോളർ വരെ പിഴ ചുമത്തുമെന്നും ഇവർ പറഞ്ഞു. അതിർത്തിയിലൂടെ മുട്ട അനധികൃതമായി കടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും സാൻഡിയാഗൊ ഫീൽഡ് ഓപ്പറേഷൻസ് കസ്റ്റംസ് ആൻഡ് ബോർഡ് പ്രൊട്ടക്ഷൻ ഡയറക്ടർ ജനിഫർ ഡില ഒ പറഞ്ഞു.
മെക്സിക്കോ അതിർത്തി പ്രദേശങ്ങളിൽ ഒരു ഡസൻ മുട്ടക്ക് 3 ഡോളർ മാത്രമാണ് വില. എന്നാൽ അതിർത്തി കടന്ന് അമേരിക്കയിൽ എത്തിയാൽ ഒരു ഡസൻ മുട്ടക്ക് 8 ഡോളർ വരെ മിനി മാർക്കറ്റിൽ ലഭിക്കും. യുഎസ് ഗവൺമെന്റ് കൺസ്യൂമർ പ്രൈസ് ഇൻഡക്സ് അനുസരിച്ചു 2022 ജനുവരിയിൽ ഒരു ഡസൻ മുട്ടക്ക് 1.93 ഡോളർ ആയിരുന്നത് ഡിസംബറിൽ 4.25 ഡോളർ ആയി ഉയർന്നിരിക്കുന്നു.
പക്ഷി പനിയെ തുടർന്ന് മുട്ടയിടുന്ന മില്യൻ കണക്കിന് കോഴികളെ കൊന്നുകളഞ്ഞതാണ് മുട്ടയുടെ വില വർധിക്കുന്നതിന്റെ പ്രധാന കാരണം. 2022 ൽ 57.8 മില്യൻ കോഴികളെയാണ് എരിയൽ ഫ്ലു ബാധിച്ചതിനാൽ കൊന്നത്.