റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ജീവനോടെ ഇരിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി യുക്രൈൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്‌കി. ദാവോസിലെ വേൾഡ് എക്കോണമിക്ക് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സെലൻസ്‌കി തന്റെ സംശയം പങ്കുവച്ചത്.
‘ഇപ്പോൾ എന്ത് സംസാരിക്കണം എന്നെനിക്ക് അറിയില്ല. റഷ്യൻ പ്രസിഡന്റഅ ജീവനോടെ ഉണ്ടോ എന്നതിൽ എനിക്ക് ഉറപ്പില്ല. അദ്ദേഹം തന്നെയാണോ ഈ തീരുമാനങ്ങൾ എടുക്കുന്നതെന്നും അറിയില്ല’- സെലൻസ്‌കി പറഞ്ഞു. നേരത്തെ പുടിന്റെ ആരോഗ്യ നിലയെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടുന്നത് യഥാർത്ഥ പുടിനല്ലെന്നും, അദ്ദേഹത്തിന്റെ ‘ഡ്യൂപ്പ്’ ആണെന്നുമായിരുന്നു പ്രധാന ആരോപണങ്ങളിലൊന്ന്. എന്നാൽ പുടിൻ പൂർണ ആരോഗ്യവാനാണെന്നും മറിച്ചുള്ള ആരോപണങ്ങൾ വ്യാജമാണെന്നുമാണ് ക്രംലിൻ പ്രതികരിച്ചത്.
അതേസമയം, യുദ്ധക്കെടുതിയിൽ കഷ്ടപ്പെടുന്ന യുക്രൈന് 3 ബില്യൺ യൂറോ സഹായം നൽകിയിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള 18 ബില്യൺ യൂറോ സാമ്പത്തിക സഹായ പാക്കേജിന്റെ ആദ്യ ഗഡുവായ 3 ബില്യൺ യൂറോ യുക്രെയ്‌നിന് ലഭിച്ചതായി ധനമന്ത്രി സെർജി മാർചെങ്കോ വെളിപ്പെടുത്തി. 3 ബില്യൺ യൂറോ എന്നാൽ 3.26 ബില്യൺ ഡോളറാണ്. യുക്രെയ്‌നിന് വലിയ ഇളവുകളോടെയാണ് സാമ്പത്തിക സഹായ പാക്കേജ് നൽകിയിരിക്കുന്നത്. യുക്രൈനിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ പിന്തുണ നൽകിയ യൂറോപ്യൻ യൂണിയൻ പങ്കാളികളോട് നന്ദി അറിയിക്കുകയാണെന്നും മാർചെങ്കോ ട്വിറ്ററിൽ കുറിച്ചു.