പത്തനംതിട്ട: പ്രശസ്ത കവിയും കോളേജ് അധ്യാപകനും ഗവേഷകനുമായിരുന്ന ഡോ. നെല്ലിക്കൽ മുരളീധരന്റെ സ്മരണയ്ക്കായി പത്തനംതിട്ട ദേശത്തുടി സാംസ്കാരിക സമന്വയം കവിയുടെ കുടുംബവുമായി സഹകരിച്ച് ഏർപ്പെടുത്തിയ ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക ദേശത്തുടി കഥാ പുരസ്കാരം അമലിന്റെ ‘കെനിയാസാൻ’ എന്ന കഥാസമാഹാരത്തിന് ലഭിച്ചു.
നിരൂപകൻ ഡോ. എസ്. എസ് ശ്രീകുമാർ, കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ എബ്രഹാം മാത്യു, ഡോ. അജൂ കെ. നാരായണൻ (അസിസ്റ്റൻറ് പ്രൊഫസർ, സ്കൂൾ ഓഫ് ലെറ്റേഴ്സ്, എംജി യൂണിവേഴ്സിറ്റി )എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
മലയാളത്തിലെ പുതുതലമുറയിലെ ശ്രദ്ധേയനായ കഥാകൃത്താണ് തിരുവനന്തപുരം സ്വദേശിയായ അമൽ. കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്മെന്റും യുവപുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
15000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം ജനുവരി 26 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട ടൗൺഹാളിൽ നടക്കുന്ന സമ്മേളനത്തിൽ കഥാകൃത്തും നോവലിസ്റ്റുമായി സുഭാഷ് ചന്ദ്രൻ സമ്മാനിക്കും.
യുവ പ്രതിഭാ പുരസ്കാരങ്ങൾ ആർ. നന്ദിത കുറുപ്പ്, ബെൻസൺ കെ തോമസ്, സോജൻ റോസമ്മ സാം (കഥ ), അഡ്വ. രാജി ശേഖർ, ആൻ മേരി ജേക്കബ് , മിസിരിയ നൗഷാദ് (കവിത) എന്നിവർക്ക് നൽകും .
പത്തനംതിട്ട സ്വദേശിയായ ഡോ. നെല്ലിക്കൽ മുരളീധരന്റെ സ്മരണാർത്ഥം ദേശത്തുടിയും കവിയുടെ കുടുംബവും സംയുക്തമായി ഏർപ്പെടുത്തിയ രണ്ടാമത് പുരസ്കാരമാണ് അമലിന് ലഭിച്ചത്. കവിതയ്ക്കുള്ള ആദ്യ പുരസ്കാരം കവി സെബാസ്റ്റ്യനാണ് ലഭിച്ചത്. വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനാണ് അന്ന് പുരസ്കാരം നൽകിയത്.
ദേശത്തുടി ഭാരവാഹികളായ വിനോദ് ഇളകൊള്ളൂർ (പ്രസിഡന്റ്), നാടകക്കാരൻ മനോജ് സുനി (സെക്രട്ടറി ), അനിൽ വള്ളിക്കോട് (വൈസ് പ്രസിഡന്റ് ) രാജേഷ് ഓമല്ലൂർ (ജോ. സെക്രട്ടറി ) ശ്യാം അരവിന്ദം (ട്രഷറർ) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു