Wednesday, November 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപോപ്പുലർ ഫ്രണ്ട് സ്വത്ത് ജപ്തി ചെയ്യൽ;ആളുമാറിയ സംഭവത്തിൽ വിമർശനവുമായി പികെ കുഞ്ഞാലിക്കുട്ടി

പോപ്പുലർ ഫ്രണ്ട് സ്വത്ത് ജപ്തി ചെയ്യൽ;ആളുമാറിയ സംഭവത്തിൽ വിമർശനവുമായി പികെ കുഞ്ഞാലിക്കുട്ടി

കണ്ണൂർ: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യൽ നടപടികളിൽ ആളുമാറിയ സംഭവത്തിൽ വിമർശനവുമായി മുസ്ലീംലീഗ് നേതാക്കൾ. കോടതി പറഞ്ഞുവെന്ന് വച്ച് ആരെയെങ്കിലും കിട്ടിയാൽ മതിയോ എന്ന് പികെ കുഞ്ഞാലിക്കുട്ടി ചോദിച്ചു. ആരെയെങ്കിലും രക്ഷിക്കാനുള്ള പരിപാടിയാണോ ഇതെന്നും ലീഗ് ഗൗരവമായി ഇതിനെ കാണുന്നെന്നും കുഞ്ഞാലിക്കുട്ടി കണ്ണൂരിൽ പറഞ്ഞു.

കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കാമെന്നാണോ? പിഎഫ്ഐയെ മുൻനിരയിൽ നിന്ന് എതിർക്കുന്നവരാണ് മുസ്ലീംലീഗ്. നിരപരാധികളെ കാര്യമില്ലാതെ ഉപദ്രവിക്കുന്നത് നോർത്ത് ഇന്ത്യൻ മോഡലാണ്. പൗരത്വ വിഷയവും ഇങ്ങനെ തന്നെയാണ്. തെറ്റുകാരനല്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം നിരപരാധികൾക്കായി.

സമരത്തിന് പോവാതെ വീട്ടിലിരുന്നവന്റെ സ്വത്തിന് മേൽ വന്ന് നോട്ടീസ് പതിക്കുന്നത് എന്ത് നീതിയാണ് ? ഇതിനെ ചെറിയ കാര്യമായി കാണുന്നില്ലെന്നും ലീഗിന്റെ യശസ്സിനെ ബാധിക്കുന്ന വിഷയമായി കാണുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആള് മാറിയ സംഭവത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും രംഗത്തെത്തി. പിഎഫ്ഐക്കെതിരായ നടപടികൾ സ്വഭാവികമെന്ന് പ്രതികരിച്ച സാദിഖലി തങ്ങൾ, അതിന്റെ പേരിൽ തീവ്രവാദ നിലപാടില്ലാത്തവർക്കെതിരായ നടപടി ശരിയല്ലെന്ന് വ്യക്തമാക്കി. ലീഗ് പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടുന്നത് ശരിയല്ല. പോപ്പുലർ ഫ്രണ്ടിനെതിരായ സർക്കാരിന്റെ നിയമ നടപടികൾ അംഗീകരിക്കുന്നെന്നും സാദിഖലി തങ്ങൾ കോഴിക്കോട് പറഞ്ഞു.

പോപുലർ ഫ്രണ്ട് നേതാവിന്റെ വീടും ഭൂമിയും ജപ്തി ചെയ്യുന്നതിനു പകരം മുസ്‍ലിം ലീഗ് പ്രവർത്തകന്റെ വീടും ഭൂമിയുമാണ് ഉദ്യോഗസ്ഥർ ആള് മാറി ജപ്തി ചെയ്തത്. മലപ്പുറം എടരിക്കോട് അഞ്ചാം വാർഡ് അംഗം ചെട്ടിയാൻതൊടി മുഹമ്മദിന്റെ മകൻ സി.ടി. അഷ്റഫിന്റെ 16 സെൻറ് ഭൂമിയും ഇതിലുള്ള വീടുമാണ് റവന്യൂ ഉദ്യോഗസ്ഥർ ഇന്നലെ ജപ്തി ചെയ്തത്. അഷ്റഫിന്റെ വീട്ടിൽ ഉദ്യോഗസ്ഥർ നോട്ടീസ് പതിപ്പിക്കുകയായിരുന്നു. പോപുലർ ഫ്രണ്ട് പ്രവർത്തകനായ ചെട്ടിയാൻതൊടി ബീരാന്റെ മകൻ സി.ടി. അഷ്റഫിനെതിരായ നടപടിയാണ് ആളുമാറി മുസ്ലീംലീഗ് പ്രവർത്തകന്റെ വീട്ടിലായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments