വാഷിംഗ്ടൺ ഡിസി: അമേരിക്കയില്‍ ചൈനീസ് പുതുവത്സരാഘോഷത്തിനിടെ പത്ത് പേരെ വെടിവച്ച് കൊലപ്പെടുത്തുകയും നിരവധിയാളുകളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത അക്രമിയെ തിരിച്ചറിഞ്ഞു. ആക്രമിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു. ഇയാളെ പിടികൂടാന്‍ ശക്തമായ തെരച്ചിലാണ് നടക്കുന്നത്. ഇയാള്‍ വെടിവയ്പ്പ് നടത്താനുണ്ടായ കാരണം അവ്യക്തമാണ്.
കറുത്ത തുകൽ ജാക്കറ്റും തൊപ്പിയും കണ്ണടയും ധരിച്ച ഏഷ്യക്കാരനാണ് ആക്രമിയെന്നും ആയുധധാരിയായ ഇയാൾ അപകടകാരിയാണെന്നും ലോസ്ആഞ്ചലസ് കൗണ്ടി ഷെരിഫിന്റെ ഓഫീസ് മുന്നറിയിപ്പ് നൽകി. കലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചലസിന്റെ കിഴക്കേ അതിർത്തിയിലുള്ള മോന്ററേ പാർക്ക് നഗരത്തിലെ ഡാൻസ് ബാറിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ പത്ത് പേർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആക്രമണസമയത്ത് ആയിരക്കണക്കിനു പേർ സ്ഥലത്തുണ്ടായിരുന്നു. മോന്ററേ പാർക്കിൽ ചൈനീസ് വംശജർ ഉൾപ്പെടെയുള്ള ഏഷ്യക്കാരാണു ഭൂരിപക്ഷം. 60,000 പേരാണു നഗരത്തിലുള്ളത്. ഈ വർഷം അമേരിക്കയിൽ നടക്കുന്ന അഞ്ചാമത്തെ കൂട്ടക്കൊലയാണു മോണ്ടേറേ പാർക്കിൽ അരങ്ങേറിയത്.