തിരുവനന്തപുരം : ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പാര്‍ട്ടി നിലപാടിനെ തള്ളി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ അനിൽ ആന്റണി. രാജ്യത്തിന്റെ പരമാധികാരത്തിൻമേലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്‍ററിയിലെ പരാമര്‍ശങ്ങളെന്ന് അനില്‍ ട്വീറ്റ് ചെയ്തു. അനിൽ ആൻ്റണിയിൽ നിന്നുണ്ടായ അപ്രതീക്ഷിത പ്രതികരണം ബി.ജെ.പി നേതാക്കളെപ്പോലും ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ ഇത്തരമൊരു പ്രതികരണം വന്നതോടെ കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കളടക്കം അനിലിനെതിരെ രംഗത്തെത്തി.
അനിലിനെതിരെ സൈബർ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരടക്കം വലിയ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. മുതിർന്ന കോൺഗ്രസ് നേതാവായ ആൻ്റണിയുടെ അറിവോടെയാണോ ഇത്തരമൊരു പ്രതികരണം, ബി.ജെ.പിയിലേക്ക് ചുവടുമാറാനുള്ള മുന്നൊരുക്കത്തിൻ്റെ ഭാഗമാണോ ഇത്തരം പ്രതികരണങ്ങൾ തുടങ്ങി രൂക്ഷമായ ആരോപണങ്ങളാണ് അനിലിനു നേരെയുണ്ടാകുന്നത്. തരൂർ അനുഭാവിയായ അനിലിൽ നിന്നുണ്ടായ പ്രതികരണം കൂടുതൽ ചർച്ചകൾക്കും വരും ദിവസങ്ങളിൽ ഇടം നൽകും.
രാജ്യത്താകമാനം ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ച വേളയിലാണ് യുവനേതാവിൽ നിന്ന് ഇത്തരമൊരു പ്രതികരണം. ഇറാഖ് യുദ്ധത്തിൽ ഉൾപ്പെടെ ബിബിസിയുടെ ഭിന്നിപ്പിൻ്റെ ചരിത്രപാരമ്പര്യം ചൂണ്ടിക്കാട്ടിയാണ് അനിൽ ഡോക്യുമെൻ്ററിയെ എതിർക്കുന്നത്.
എന്നാൽ അനില്‍ ആന്റണിയുടെ നിലപാടിനെ തള്ളി ഷാഫി പറമ്പില്‍ എംഎൽഎ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് നിലപാട് പറയേണ്ടത് സംസ്ഥാന പ്രസിഡന്റാണെന്നും ഷാഫി പ്രതികരിച്ചു. വിവാദ ഡോക്യുമെന്ററി പരാമര്‍ശത്തില്‍ അനില്‍ ആന്റണിക്കെതിരെ നടപടി വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി ആവശ്യപ്പെട്ടു. അനിലിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും മറുപടി പറയാനില്ലെന്നും റിജില്‍ വ്യക്തമാക്കി.