സാൻഫ്രാൻസിസ്കോ: അമേരിക്കയിലെ കലിഫോർണിയ സംസ്ഥാനത്ത് വീണ്ടും വെടിവയ്പുകൾ. സാൻഫ്രാൻസിസ്കോയ്ക്കു തെക്ക് ഹാഫ് മൂൺ ബേ നഗരത്തിലുണ്ടായ വെടിവയ്പിൽ ചൈനീസ് വംശജരായ ഏഴു പേർ കൊല്ലപ്പെടുകയും ഒരാൾക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഓക്ലൻഡിലുണ്ടായ മറ്റൊരു വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി ഏഷ്യൻ വംശജൻ പതിനൊന്നു പേരെ വെടിവച്ചുകൊന്നതിന്റെ ഞെട്ടൽ മാറുന്നതിനു മുന്പേയാണ് ഈ സംഭവങ്ങൾ.
ഹാഫ് മൂൺ ബേയിൽ കൊല്ലപ്പെട്ടവർ കൂൺകൃഷി നടത്തിയിരുന്നവരാണ്. രണ്ടു കൃഷിയിടങ്ങളിലാണു വെടിവയ്പു നടന്നത്. ചൈനീസ് വംശജനായ പ്രതി ഴാവോ ചുൻലി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തൊഴിലുമായി ബന്ധപ്പെട്ട അതൃപ്തിയാണ് അക്രമത്തിനു പ്രേരണയായതെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. പ്രതി അന്വേഷണത്തോടു സഹകരിക്കുന്നുണ്ട്.
ഹാഫ് മൂൺ ബേയിൽനിന്ന് 64 കിലോമീറ്റർ അകലെയുള്ള ഓക്ലൻഡിൽ വെടിയ്പുണ്ടായത് ഇതിനു മണിക്കൂറുകൾക്കമാണ്. അമേരിക്കയിൽ 24 ദിവസത്തിനിടെ തോക്കുപയോഗിച്ചു നടത്തുന്ന 37-ാമത്തെ കൂട്ടക്കൊലയാണ് ഹാഫ് മൂൺ ബേയിലേതെന്ന് ഇത്തരം സംഭവങ്ങൾ നിരീക്ഷിക്കുന്ന ഗൺ വയലൻസ് ആർക്കൈവ് സംഘടന പറഞ്ഞു.