നാളെ റിപ്പബ്ലിക് ദിനം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ഏഴുമുതൽ ആകാശവാണിയുടെ ദേശീയ ശൃംഖലയിലും, ദൂരദർശൻ കേന്ദ്രയുടെ എല്ലാ ചാനലുകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസംഗം സംപ്രേക്ഷണം ചെയ്യും. റിപ്പബ്ലിക്ക് ദിന പരേഡിലെ മുഖ്യാതിഥിയായി ഈജിപ്റ്റ് പ്രസിഡന്റ് ഇന്ത്യയിലെത്തി. ഇന്ന് പ്രധാനമത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും.
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ മികച്ചതാക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. ആഘോഷങ്ങളുടെ ഭാഗമായി സായുധ സേനയുടെയും അർദ്ധസൈനിക സേനയുടെയും മാർച്ച് പാസ്റ്റ് കർത്തവ്യ പഥിൽ നടക്കും. ഇതിന് പുറമെ, സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിലെ വിവിധ വകുപ്പുകളുടെയും ടാബ്ലോകൾ, കുട്ടികളുടെ സാംസ്‌കാരിക പ്രകടനങ്ങൾ, മോട്ടോർസൈക്കിൾ റൈഡുകൾ, വിജയ് ചൗക്കിലെ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങ്, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള എൻസിസി റാലിയും എന്നിവയും റിപ്പബ്ലിക് ദിനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും.
ജൻ ഭാഗിദാരിഎന്ന പ്രധാനമന്ത്രിയുടെ ആശയം അടിസ്ഥാനമാക്കിയാണ് ആഘോഷങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 ന് ആരംഭിച്ച് രക്തസാക്ഷി ദിനമായി ആചരിക്കുന്ന ജനുവരി 30 നാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങൾ അവസാനിക്കുന്നത്.