തിരുവന്തപുരം : 2002 ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററിയെ പിന്തുണയ്ക്കുന്ന കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിൽനിന്ന് വ്യതിചലിച്ച് എതിർക്കുന്ന നിലപാട് സ്വീകരിച്ച് വിവാദത്തിൽ ചാടിയ അനിൽ ആന്റണി പാർട്ടിയിലെ പദവികളിൽനിന്ന് രാജിവച്ചു. ട്വിറ്ററിലൂടെയാണ് രാജിക്കാര്യം അനിൽ പരസ്യമാക്കിയത്. കെപിസിസി ഡിജിറ്റിൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ നാഷനൽ കോഡിനേറ്ററുമായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവർക്ക് ഇരട്ടത്താപ്പാണെന്ന് കുറ്റപ്പെടുത്തിയാണ് അനിലിന്റെ രാജി പ്രഖ്യാപനം.
മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ മകനായ അനിൽ കെ.ആന്റണി ബിബിസിക്കെതിരെ പോസ്റ്റ് ചെയ്ത ട്വീറ്റ് കോൺഗ്രസിൽ വൻ വിവാദമായിരുന്നു. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിനു മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമാണ് അനിൽ പറഞ്ഞത്. ഡിജിറ്റൽ സെല്ലിന്റെ പുനഃസംഘടന പൂർത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾക്കു പാർട്ടിയുമായി ബന്ധമില്ലെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വ്യക്തമാക്കിയിരുന്നു.