ബിബിസി ഡോക്യുമെൻ്ററിയുമായി ബന്ധപ്പെട്ട വിവാദ ട്വീറ്റിനു പിന്നാലെ പാർട്ടിയിൽ നിന്ന് രാജിവച്ച സംഭവത്തിൽ വിശദീകരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണിയുടെ മകൻ അനിൽ ആൻ്റണി. കോൺഗ്രസിൽ തന്നെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. ബിജെപിയുമായി വ്യത്യാസങ്ങളുണ്ടെന്ന് ട്വീറ്റിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും അനിൽ ആൻ്റണി മാധ്യമങ്ങളോട് പ്രതികരിച്ചു.
“ട്വീറ്റ് നടത്തിയപ്പോൾ അതൊരു വിവാദമാക്കാനൊന്നും ഉദ്ദേശിച്ചൊന്നുമല്ല ഞാൻ നടത്തിയത്. അത് വളരെ ന്യൂക്ലിയസ് ആയിട്ടുള്ള വളരെ സിമ്പിൾ ആയിട്ടുള്ള ഒരു ട്വീറ്റ് ആയിരുന്നു. ആ ട്വീറ്റിൽ വളരെ മോശമായിട്ടുള്ള ഒന്നും ഞാൻ പറഞ്ഞിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കോൺഗ്രസ് പാർട്ടിയുടെ നയങ്ങളോ അല്ലെങ്കിൽ കോൺഗ്രസ് പാർട്ടിയുടെ വിശ്വാസങ്ങൾക്കെതിരെയോ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. അതില് വളരെ വ്യക്തമായി ആദ്യത്തെ വരിയിൽ തന്നെ ഞാൻ പറഞ്ഞിട്ടുള്ളത് ബിജെപി എന്ന പാർട്ടിയുമായിട്ട് എനിക്ക് ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഇതുതന്നെയാണ് ആദ്യത്തെ ആദ്യത്തെ വരി. അത് കഴിഞ്ഞിട്ട് ഞാൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ പക്ഷേ അതിൽ മോശമായിട്ടുള്ള ഒന്നും ഞാൻ കാണുന്നില്ല.”- അനിൽ ആൻ്റണി പറഞ്ഞു.
“നമ്മുടെ കോർ ആയിട്ടുള്ള ദേശീയ താൽപ്പര്യങ്ങൾ, നമ്മുടെ ദേശീയ താത്പര്യങ്ങൾ, നമ്മുടെ അഖണ്ഡത, നമ്മുടെ പരമാധികാരം ഇങ്ങനത്തെ കാര്യങ്ങളെക്കെ വരുമ്പോൾ അതിൽ രാഷ്ട്രീയം കളിക്കുന്നത് അത്ര നല്ലൊരു പ്രവണതയായിട്ട് എനിക്ക് തോന്നുന്നില്ല. ഇത്രയും മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. പക്ഷേ ഇത് ദുർവ്യാഖ്യാനപ്പെടുത്തി മറ്റൊരു രീതിയിൽ കാണിച്ച് എന്നെ തേജോവധം ചെയ്യാൻ കഴിഞ്ഞ 24 മണിക്കൂറായിട്ട് പലരും ശ്രമിച്ചുകൊണ്ടിരിക്കുന്നത് കണ്ടപ്പോൾ ഇന്നത്തെ സാഹചര്യത്തിൽ ഈ കോൺഗ്രസിൽ ഞാൻ പ്രവർത്തിക്കുന്നത് എന്നെപ്പോലെ ഒരാൾക്ക് നല്ലൊരു കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ മനസാക്ഷി പറയുന്നത് അനുസരിച്ച് ഞാൻ രാജിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ്.”- അദ്ദേഹം തുടർന്നു.
“മാധ്യമങ്ങളുടെ ഭാഗത്തു നിന്ന് ഇതിനെ തെറ്റായി വ്യാഖ്യാനിക്കുന്നതിനുള്ള ശ്രമങ്ങളുണ്ട്. അത് കാരണമാണ് ഇന്ന് ഇവിടെ ഒരു മാധ്യമം വന്നപ്പോൾ ഞാൻ അവരോട് സംസാരിക്കില്ല എന്ന് ഞാൻ വളരെ വ്യക്തമായിട്ട് പറഞ്ഞത്. ഞാൻ അവരോട് മൂന്ന് കാര്യങ്ങൾ പറഞ്ഞു. അവർ മൂന്ന് തലക്കെട്ട് കൊടുത്തു, അതിന് നേരെ വിപരീതമായിട്ട്. അപ്പോൾ ഇങ്ങനത്തെ ചില കാര്യങ്ങളും വളരെ വ്യക്തമായിട്ട് നടക്കുന്നുണ്ട്.”- അദ്ദേഹം വ്യക്തമാക്കി.
“2019 മുതൽ കോൺഗ്രസ് പാർട്ടിയിൽ പല കാരണങ്ങളാൽ പ്രവർത്തിച്ചുവരുന്നതാണ്. 2017 ലെ ഗുജറാത്ത് ഇലക്ഷനിലാണ് ആദ്യമായിട്ട് ഞാൻ പ്രവർത്തിക്കുന്നത്. 2019ൽ കോൺഗ്രസ് പാർട്ടിയിൽ ഡിജിറ്റൽ മീഡിയ കൺവീനർ ആയിട്ട് ഞാൻ പ്രവർത്തിച്ചു. കോൺഗ്രസിലെ ഒരു വിഭാഗം എനിക്കെതിരെ വളരെ ശക്തമായ രീതിയിൽ ആ സൈബർ ആക്രമണം നടത്തുന്നതെല്ലാം എനിക്ക് വളരെ വ്യക്തമായിട്ട് അറിയാവുന്നതാണ്. അത് ഞാൻ അവരോട് വ്യക്തിപരമായി പറഞ്ഞിട്ടുമുണ്ട്. അന്നത്തെ കെപിസിസി അധ്യക്ഷൻ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ സാറും അതുപോലെ ആ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രാഷ്ട്രീയക്കാരനായ ഡോക്ടർ ശശി തരൂരും പറഞ്ഞത് കൊണ്ടാണ് ഞാൻ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു തുടങ്ങിയത്. അന്നും ഇതുപോലെ ഒരുപാട് സൈബർ ആക്രമണം ഉണ്ടായിരുന്നു. അത് എവിടുന്നാണെന്ന് എനിക്ക് വളരെ വ്യക്തമായിട്ട് അറിയാമായിരുന്നു. പക്ഷേ എൻറെ വ്യക്തിപരമായ രാഷ്ട്രീയ രീതി എന്ന് പറഞ്ഞാൽ ഞാൻ എങ്ങനെ ആൾക്കാരെ വ്യക്തിപരമായി വിമർശിക്കാനോ അല്ലെങ്കിൽ ഇപ്പോൾ അസഭ്യം പറയാൻ പോകുന്ന ഒരു പ്രകൃതക്കാരനല്ല. അത് കാരണം അന്ന് ഞാൻ ഇതെല്ലാം ക്ഷമിച്ച്
മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. പക്ഷേ, കഴിഞ്ഞ 24 മണിക്കൂറിൽ നടന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് വിഷമം തോന്നി. ഇങ്ങനെ ഒരു സംസ്കാര ശൂന്യരുടെ ഒരു കൂടാരമായി കോൺഗ്രസ് മാറിയതിൽ എനിക്ക് വിഷമം തോന്നി.”- അനിൽ ആൻ്റണി കൂട്ടിച്ചേർത്തു.