ന്യൂഡൽഹി : ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസി ഇന്ത്യയിലെത്തി. രാഷ്‌ട്രപതി ഭവനിലെത്തിയ അദ്ദേഹത്തെ രാഷ്‌ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേർന്ന് സ്വീകരിച്ചു.
കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, വാണിജ്യമന്ത്രി പിയൂഷ് ഗോയൽ, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേന തുടങ്ങിയവരും ഈജിപ്ഷ്യൻ പ്രസിഡന്റിനെ സ്വീകരിക്കാൻ രാഷ്‌ട്രപതി ഭവനിൽ എത്തിയിരുന്നു.
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി രാവിലെ ട്വീറ്റ് ചെയ്തിരുന്നു. 27 -വരെ നീണ്ട് നിൽക്കുന്ന സന്ദർശനത്തിൽ അഞ്ച് മന്ത്രിമാരും ഉദ്യോഗസ്ഥ സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
ഈജിപ്ഷ്യൻ പ്രസിഡന്റ് 73-മത് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമാവുന്നത് ഇന്ത്യ ചരിത്ര നിമിഷമായാണ് കണക്കാക്കുന്നത്. ഇന്ത്യയും ഈജിപ്തും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 75-ാമത് വാർഷികം ആഘോഷിക്കുന്ന വേളകൂടിയാണിത്. ജി- 20 യിലും അതിഥി രാജ്യമായി ഈജിപ്തിനെ ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്.