കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്‌സ് ഐഡി പുതുക്കാത്തവര്‍ക്ക് 1000 ദിര്‍ഹം (22,216) രൂപ പിഴ ചുമത്തുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി. സമയപരിധി കഴിഞ്ഞ 30 ദിവസത്തിന് ശേഷം പ്രതിദിനം 20 ദിര്‍ഹം (444 രൂപ) വീതമാണ് പിഴ ഈടാക്കുക.
എമിറേറ്റ്‌സ് ഐഡി വിസ വിവരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ വിസയുടെ കാലാവധി അവസാനിക്കുന്നതിനൊപ്പം ഐഡി കാര്‍ഡും പുതുക്കണം. പുതുക്കിയില്ലെങ്കില്‍, ഐസിപിയുടെ വെബ്‌സൈറ്റിലോ സ്മാര്‍ട്ട് ആപ്പിലോ രജിസ്റ്റര്‍ ചെയ്ത് വ്യക്തികള്‍ക്ക് നേരിട്ട് പുതുക്കാം.
ഐഡി പുതുക്കാനായി അംഗീകൃത ടൈപ്പിംഗ് സെന്ററുകളെയും ആശ്രയിക്കാം. വ്യക്തിഗത വിവരങ്ങള്‍ കൃത്യമായി ടൈപ്പ് ചെയ്ത് കളര്‍ ഫോട്ടോയും പാസ്‌പോര്‍ട്ട് കോപ്പിയും അറ്റാച്ച് ചെയ്ത് ഫീസ് അടച്ചാല്‍ കാര്‍ഡ് കൊറിയര്‍ വഴി വീട്ടിലെത്തിക്കും.
വികലാംഗര്‍, നയതന്ത്രജ്ഞര്‍, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവരെ ഐഡി പുതുക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം വ്യക്തികള്‍ ICP വെബ്‌സൈറ്റിലോ (www.icp.gov.ae) സ്മാര്‍ട്ട് ആപ്പിലോ (UAE ICP) ഇളവിന് അപേക്ഷിക്കണം.
250 ദിര്‍ഹമാണ് എമിറേറ്റ്‌സ് ഐഡി പുതുക്കുന്നതിനുള്ള ഫീസ്. ( 100 ദിര്‍ഹംഎമിറേറ്റ്‌സ് ഐഡിയും 100 ദിര്‍ഹം സ്മാര്‍ട്ട് സര്‍വീസ് ഫീസും 50 ദിര്‍ഹം ഇലക്‌ട്രോണിക് സര്‍വീസ് ഫീസും). അടിയന്തരമായി കാര്‍ഡ് ആവശ്യമുള്ളവര്‍ 50 ദിര്‍ഹം അധികം നല്‍കണം.