മുംബൈ: തങ്ങളുടെ കമ്പനികളുടെ ഓഹരികൾക്ക് ഒറ്റ ദിവസം 85,000 കോടി രൂപയുടെ മൂല്യം നഷ്ടപ്പെടാൻ കാരണമായ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച റിപ്പോർട്ട് പുറത്തുവിട്ട ഹിൻഡെൻബർഗ് റിസർച്ചിനെതിരെ നിയമനടപടിക്കൊരുങ്ങി അദാനി ഗ്രൂപ്പ്. കമ്പനിയുടെ കടസ്ഥിതിയും ഭരണ പ്രശ്നങ്ങളും വിളിച്ചറിയിക്കുന്ന റിപ്പോർട്ട് അമേരിക്കൻ നിക്ഷേപക ഗവേഷണ ഏജൻസിയായ ഹിൻഡെൻബർഗ് റിസർച്ച് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെ അദാനി ഗ്രൂപ്പിലെ ലിസ്റ്റ്ചെയ്ത എല്ലാ കമ്പനികളുടെയും ഓഹരിവില കൂപ്പുകുത്തിയിരുന്നു.
ഹിൻഡെൻബർഗിനെതിരെ നിയമനടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസിലേയും ഇന്ത്യയിലേയും നിയമവിദഗ്ദ്ധരുമായി ആലോചന നടത്തിവരികയാണെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.
അദാനി ഗ്രൂപ്പിന്റെ കമ്പനി അക്കൗണ്ടിങ്ങിലും കോർപ്പറേറ്റ് ഭരണ സംവിധാനത്തിലും ഗുരുതര പ്രശ്നങ്ങളുണ്ടെന്നാണ് ഹിൻഡെൻബർഗിന്റെ ആരോപണം. അദാനി എന്റർപ്രൈസസിന് എട്ടു വർഷത്തിനിടെ അഞ്ച് ചീഫ് ഫിനാൻഷ്യൽ ഓഫീസർമാർ വന്നത് അക്കൗണ്ടിങ്ങിലെ പ്രശ്നങ്ങളുടെ സൂചനയാണ്. വിപണിയിൽ വലിയ രീതിയിൽ കൃത്രിമം നടക്കുന്നു. ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മൗറീഷ്യസ്, യു.എ.ഇ., കരീബിയൻ രാജ്യങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അദാനി കുടുംബത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരുകൂട്ടം ഷെൽ കമ്പനികൾ വഴിയാണ് വിപണിയിൽ കൃത്രിമം നടത്തുന്നതെന്നാണ് ആരോപണം. 129 പേജുള്ള റിപ്പോർട്ട് തങ്ങളുടെ രണ്ടു വർഷത്തെ അന്വേഷണത്തിലൂടെ തയ്യാറാക്കിയതാണെന്നാണ് ഹിൻഡെൻബർഗ് അവകാശപ്പെടുന്നത്.
അദാനി ഗ്രൂപ്പ് ഏതുതരത്തിലുള്ള നിയമനടപടി സ്വീകരിച്ചാലും അതിനെ സ്വാഗതം ചെയ്യുന്നതായി ഹിൻഡെൻബർഗ് പ്രസ്താവനയിൽ പറഞ്ഞു. ‘അദാനി ഗൗരവമായിട്ടാണ് നിയമനപടിയെ കുറിച്ച് പറയുന്നതെങ്കിൽ ഞങ്ങൾ പ്രവർത്തിക്കുന്ന യുഎസിലും കേസ് ഫയൽ ചെയ്യണം. നിയമ നടപടികൾക്കാവശ്യമായ നിരവധി രേഖകൾ ഞങ്ങളുടെ പക്കലുണ്ട്’, ഹിൻഡെൻബർഗ് അറിയിച്ചു.
റിപ്പോർട്ട് പുറത്തുവിട്ട് 36 മണിക്കൂറായിട്ടും തങ്ങൾ ഉന്നയിച്ച ഗൗരവമേറിയ ഒരു പ്രശ്നത്തെയും അദാനി അഭിസംബോധന ചെയ്തിട്ടില്ലെന്നും ഹിൻഡെൻബർഗ് ആരോപിച്ചു. ‘ഞങ്ങളുടെ റിപ്പോർട്ടിന്റെ അവസാനത്തിൽ, കമ്പനിക്ക് തങ്ങളുടെ സുതാര്യത വ്യക്തമാക്കാൻ അവസരം നൽകുന്ന 88 നേരിട്ടുള്ള ചോദ്യങ്ങൾ ഞങ്ങൾ ചോദിച്ചു. ഇതുവരെ, ഈ ചോദ്യങ്ങൾക്കൊന്നും അദാനി ഉത്തരം നൽകിയിട്ടില്ല. പകരം, പ്രതീക്ഷിച്ചതുപോലെ അദാനി വീമ്പിളക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്’, ഹിൻഡെൻബർഗ് പ്രസ്താവനയിൽ പറഞ്ഞു.