മുംബൈ: അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വീണ്ടും കൂപ്പുകുത്തിയതോടെ ലോകകോടീശ്വര പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം നഷ്ടപ്പെട്ട് ഗൗതം അദാനി. ആസ്തിയിൽ ഇന്ന് 20.1 ബില്യൺ ഡോളർ കുറഞ്ഞതിനെത്തുടർന്നാണ് ലോക ശതകോടീശ്വരന്മാരുടെ ആദ്യ അഞ്ചിൽ ഇടം നഷ്ടപ്പെട്ടത്. തന്റെ ആസ്തിയിൽ ഇടിവുണ്ടായതിന് ശേഷം, ഒരു ദിവസം കൊണ്ട് അദ്ദേഹം പട്ടികയിൽ നാലാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. എന്നിരുന്നാലും, അദ്ദേഹം ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി തുടരുകയാണ്. 97.2 ബില്യൺ ഡോളർ സമ്പാദ്യവുമായി ഏഴാം സ്ഥാനത്താണ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ ഈ 60കാരനുള്ളത്.
ഓഹരിമൂല്യം പെരുപ്പിച്ചു കാണിക്കുകയാണെന്ന യുഎസ് ഫോറൻസിക് ഗവേഷണ സ്ഥാപനം ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ് അദാനിക്ക് വൻ തിരിച്ചടികൾ നേരിട്ടത്. തങ്ങളുടെ റിപ്പോർട്ടിൽ പൂർണമായി ഉറച്ചുനിൽക്കുന്നുവെന്നും തങ്ങൾക്കെതിരെ എടുക്കുന്ന നിയമനടപടികൾ നിരർത്ഥകമാകുമെന്നും ഹിൻഡൻബർഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഗൗതം അദാനിയുടെ ആസ്തി 16.88 ശതമാനം ഇടിഞ്ഞതോടെയാണ് 20.1 ബില്യൺ ഡോളർ നഷ്ടപ്പെട്ടത്. ആദ്യ അഞ്ച് ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടം നഷ്ടമായതിന് പുറമെ, 100 ബില്യൺ ഡോളർ ക്ലബ്ബിൽ അദ്ദേഹത്തിന്റെ പേരില്ലാതായി.
രണ്ടു ദിവസത്തിനിടെ അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തിൽ നിന്ന് നാലു ലക്ഷം കോടിയിലേറെ രൂപയാണ് ഒലിച്ചു പോയത്. വിപണിയിൽ ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പിന്റെ പത്തു കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്, അദാനി വിൽമർ, അദാനി പവർ, അംബുജ സിമന്റ്, എസിസി, അദാനി ടാൻസ്പോർട്ടേഷൻ, അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ, എൻഡിടിവി എന്നിവയാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ. ഇതിൽ അദാനി ടോട്ടലിനാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. 1.6 ലക്ഷം കോടി രൂപയാണ് ടോട്ടൽ ഗ്യാസിൻറെ മൂല്യത്തിൽനിന്ന് നഷ്ടമായത്. അദാനി ട്രാൻസ്പോട്ടേഷന്റെ വിപണിമൂല്യത്തിൽ നിന്ന് 83,000 കോടിയും ഗ്രീനിന്റെ മൂല്യത്തിൽനിന്ന് 68,000 കോടിയും നഷ്ടമായി. അദാനി എന്റർപ്രൈസസ് 63,000 കോടി പോർട്സ് 41,000 കോടി, വിൽമർ 7000 കോടി, പവർ 10300 കോടി, അംബുജ സിമെന്റ്സ് 31,000 കോടി, എസിസി 11,200 കോടി, എൻഡിടിവി 1,800 കോടി എന്നിങ്ങനെയാണ് രണ്ടു ദിവസത്തിനിടെ മറ്റു കമ്പനികളുടെ നഷ്ടമെന്ന് സിഎൻബിസി-ടിവി18 റിപ്പോർട്ടു ചെയ്യുന്നു.
വെള്ളിയാഴ്ച ഓഹരി വിപണിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് അംബുജ സിമന്റ്സിനാണ്. 24.99 ശതമാനം മൂല്യമിടിവാണ് കമ്പനി നേരിട്ടത്. അദാനി ടോട്ടൽ ഗ്യാസ്, അദാനി പോർട്സ്, ഗ്രീൻ എനർജി എന്നിവയ്ക്കെല്ലാം 20 ശതമാനത്തിൽ കൂടുതൽ ഇടിവു നേരിട്ടു. ഉച്ച വരെ 19.49 ശതമാനം ഇടിവാണ് എസിസിക്കുണ്ടായത്.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന വ്യാഴാഴ്ച 85000 കോടി രൂപയാണ് വിപണി മൂല്യത്തിൽനിന്ന് അദാനി ഗ്രൂപ്പിന് നഷ്ടമായിരുന്നത്. ഗ്രൂപ്പിന്റെ പത്തു കമ്പനികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 85 ശതമാനത്തോളം പെരുപ്പിച്ചുവച്ച തുകയിലാണ് അദാനി ഓഹരികളുടെ വ്യാപാരം നടക്കുന്നത് എന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ട് ആരോപിച്ചിരുന്നത്. റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദാനി അറിയിച്ചിരുന്നു.
അതിനിടെ, ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ വിശ്വാസ്യത അദാനി ഗ്രൂപ്പ് ചോദ്യം ചെയ്തതിന് പിന്നാലെ, റിപ്പോർട്ടിനെ അനുകൂലിച്ച് യുഎസ് ശതകോടീശ്വരനായ ബിൽ അക്മാൻ രംഗത്തെത്തി. മികച്ച ഗവേഷണത്തിന് ശേഷം തയ്യാറാക്കിയ അതീവ വിശ്വാസയോഗ്യമായ റിപ്പോർട്ട് എന്നാണ് അക്മാൻ ട്വിറ്ററിൽ പ്രതികരിച്ചത്.
ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ലക്ഷം കോടിയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പ് ഒറ്റ ദിവസം നേരിട്ടത്. ലിസ്റ്റ് ചെയ്ത എല്ലാ ഓഹരികളും നഷ്ടം നേരിടുകയാണ്. ഹിഡൻബർഗിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അദാനിഗ്രൂപ്പിന്റെ പ്രതികരണം. ഹിഡൻബർഗ് കണ്ടെത്തൽ നുണയാണെന്ന് പറഞ്ഞെങ്കിലും നഷ്ടം നികത്താനായില്ല. ഹിഡൻബർഗിന്റെ കണ്ടെത്തൽ ബിജെപിക്കും അദാനിഗ്രൂപ്പിനും രാഷ്ട്രീയമായും പ്രതിസന്ധിയിലാക്കുന്നുണ്ട്.
ഓഹരിമൂല്യം പെരുപ്പിച്ച് കാട്ടി അദാനി ഗ്രൂപ്പ് ഓഹരി ഉടമകളെ വഞ്ചിച്ചെന്നായിരുന്നു അമേരിക്കൻ ഫൊറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിഡൻബർഗിന്റെ കണ്ടെത്തൽ. എന്നാൽ ആരോപണം അദാനി ഗ്രൂപ്പ് നിഷേധിച്ചു. ഹിഡൻബർഗിന്റെ കണ്ടെത്തലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അദാനിഗ്രൂപ്പിന്റെ പ്രതികരണം. ഇതിന് മറുപടിയായാണ് ഹിഡൻബർഗ് രംഗത്തെത്തിയത്. തങ്ങളുന്നയിച്ച 88 ചോദ്യങ്ങളിൽ ഒന്നിന് പോലും അദാനിഗ്രൂപ്പ് മറുപടി പറഞ്ഞിട്ടില്ല. രണ്ട് വർഷത്തെ ഗവേഷണത്തെയാണ് ചെറുതായി കാണുന്നത്. കണ്ടെത്തലിൽ ഉറച്ച് നിൽക്കുന്നെന്നും അദാനിഗ്രൂപ്പിന് അമേരിക്കയിൽ പരാതി ഫയൽ ചെയ്യാമെന്നും ഹിഡൻബർഗ് തിരിച്ചടിച്ചു.