ജറുസലേം: ജറുസലേമിലെ ജൂത ആരാധനാലയത്തിൽ ആക്രമണം. തോക്കുധാരി ഏട്ട് പേരെ വെടിവെച്ചു കൊന്നു. 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ ഇസ്രയേൽ പൊലീസ് വധിച്ചു. വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ കഴിഞ്ഞ ദിവസം നടത്തിയ സൈനിക നടപടിയിൽ 10 പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പൊൾ സിനഗോഗ് ആക്രമിക്കപ്പെട്ടത്. മരണം എട്ട് ആയെന്ന് ഇസ്രയേലി മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വെള്ളിയാഴ്ച രാത്രി പ്രാർത്ഥനയ്ക്ക് ശേഷം സിനാഗോഗിൽ നിന്ന് പുറത്തിറങ്ങിയവർക്ക് നേരെ അക്രമി തുരുതുരാ നിറയൊഴിക്കുകയായിരുന്നു. പലസ്തീൻ വെസ്റ്റ് ബാങ്കിലെ ജെനിനിലാണ് ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ കഴിഞ്ഞ ദിവസം 10 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടത്. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിയിലും ഇസ്രായേലി ടിയർ ഗ്യാസ് ഷെല്ലുകൾ പതിച്ചു.
ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് തങ്ങൾ നടത്തിയതെന്ന് ഇസ്രായേലി സൈന്യം പ്രതികരിച്ചത്. അതേസമയം സംഭവം കൂട്ടക്കുരുതിയാണെന്ന് പലസ്തീൻ ഭരണകൂടം പ്രതികരിച്ചു. കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച ഭീകരവിരുദ്ധ ആക്രമണങ്ങളുടെ തുടർച്ചയാണെന്ന് ഇസ്രായേൽ സൈന്യം വിശദീകരിച്ചു. വ്യാഴാഴ്ച രാവിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ കെട്ടിടങ്ങൾ വളയുകയും പലസ്തീൻ തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായെന്നും ബിബിസി റിപ്പോർട്ട് പറയുന്നു.
കൊല്ലപ്പെട്ടവരിൽ മൂന്നുപേർ മഗ്ദ ഒബൈദ് (60), സെയ്ബ് ഇസ്രെയ്കി (24), ഇസ്സിദീൻ സലാഹത്ത് (26) എന്നിവരാണെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം വിവരങ്ങൾ പുറത്ത് വിട്ടിരുന്നു. കെട്ടിടം വളഞ്ഞതിന് പിന്നാലെ നാല് തീവ്രവാദികൾ ഇസ്രായേൽ ഡിഫൻസ് ഫോഴ്സിന് നേരെ വെടിയുതിർത്തെന്ന് അധികൃതർ വിശദീകരിച്ചു. കെട്ടിടത്തിനകത്ത് സൂക്ഷിച്ചിരുന്ന നിരവധി സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി. ഇസ്ലായേലിൽ വമ്പൻ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും ഐഡിഎഫ് വിശദീകരിച്ചു.