പി. പി. ചെറിയാൻ
സണ്ണിവെയ്ല്‍: രണ്ടര ദശാബ്ദത്തിലേറെയായി ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മലയാളികള്‍ക്കിടയില്‍ നിശബ്ദ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന അച്ചമോൻ എന്ന ഫിലിപ്പ് സാമുവേൽ (70) ഇനി ദീപ്തമായ ഓർമ. ഹൃദയാഘാതത്തെ തുടര്‍ന്നു ഡാലസില്‍ ജനുവരി 24നാണ് നിര്യാതനായത്.
ചൊവാഴ്ച ഉച്ചക്ക് ഒന്നരമണിയോടെ കേരളത്തിലേക്ക് പോകുന്ന സുഹൃത്തിനെ യാത്ര അയക്കുവാൻ സ്വന്തം കാറിൽ അദ്ദേഹത്തെയും കൂട്ടി സണ്ണിവെയ്ൽ സിറ്റിയിൽ നിന്നും ഡാളസ് എയർ പോർട്ടിലേക്കു പുറപ്പെട്ടതായിരുന്നു. യാത്ര ഏകദേശം അര മണിക്കൂർ പിന്നിട്ടപ്പോൾ ജോർജ് ബുഷ് ഹൈവേയിൽ വെച്ചു ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നതായും,കാറിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്നും ഫിലിപ്പ് സുഹുത്തിനോട് ആവശ്യപ്പെട്ടു. എന്നാൽ പൂർണമായും നിയന്ത്രണം നഷ്ടപെടുന്നതിനു മുൻപ് സമചിത്തത കൈവിടാതെ ഫിലിപ്പ് തന്നേ കാർ പുൾ ചെയ്തു ഷോൾഡറിലേക് മാറ്റിയിട്ടത് വലിയൊരു അപകടം ഒഴിവാക്കി. ഇതിനിടയിൽ അബോധാവസ്ഥയിലായ അദ്ദേഹത്തെ നിമിഷങ്ങൾക്കകം അവിടെ എത്തിച്ചേർന്ന പോലീസും ഇ എം ടിയും സി പി ആർ ഉൾപ്പെടെയുള്ള പ്രാഥമിക ശുശ്രുഷകൾ നൽകിയ ശേഷം ആംബുലൻസിൽ സമീപത്തുള്ള ഹോസ്പിറ്റൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിക്കുന്ന ദിവസം രാവിലെ പതിനൊന്നു മണിക് ലേഖകനുമായി എയർ പോർട്ടിലേലക്ക് പോകുന്ന കാര്യങ്ങളെ കുറിച്ചു സംസാരികുകയും നർമങ്ങൾ പങ്കിടുകയും ചെയ്തിരുന്നു. അവസാന നിമിഷം വരെ കര്‍മ്മ നിരതമായിരുന്ന അച്ചൻമോന്റെ അപ്രതീക്ഷിത വിയോഗം ഡാലസ് ഫോര്‍ട്ട് വര്‍ത്തിലെ മലയാളി സമൂഹത്തില്‍ മാത്രമല്ല ജാതി, മത, വര്‍ഗ, വര്‍ണ്ണ വ്യത്യാസമില്ലാതെ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി.
1952 ഒക്ടോബർ ഒന്നിന് പരേതരായ തിരുവല്ല കവലക്കൽ കെ എസ് ഫിലിപ്പ് ദമ്പതികളുടെ ഏഴ് മക്കളില്‍ ഒരാളായി തിരുവല്ലയിൽ തന്നെയായിരുന്നു അച്ചൻമോൻ്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവല്ല മാർത്തോമാ കോളേജിൽ ബിരുദവും കാൺപൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാന്തര ബിരുദം കരസ്ഥമാക്കി.
ഡൽഹി കാനറാ ബാങ്കിന്റെ സീനിയർ അക്കൗണ്ടന്റ് ആയി സേവനം അനുഷ്ടിച്ചു കൊണ്ടിരിക്കെ 1993 ലാണ് അമേരിക്കയിലെ ന്യൂജേഴ്‌സിയിലും തുടർന്ന് 1996 ഡാളസ്സിൽ സ്ഥിരതാമസമാകുകയും ചെയ്തു. യു എസ് പോസ്റ്റൽ സർവീസിൽ നീണ്ട വർഷം ഔദ്യോഗിക ജീവിതം നയിച്ച ഫിലിപ്പ് സാമുവേൽ വിശിഷ്ട സേവനത്തിനു ധരാളം അവാർഡുകൾക്കു അര്ഹനായിട്ടുണ്ട്. 2016 ൽ സൂപ്പർവൈസർ ആയി ജോലിയിൽ നിന്നും വിരമിച്ചു.
സണ്ണിവെയ്ല്‍ ഹോംസ്റ്റഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന ഫിലിപ്പ്,സണ്ണിവെയ്ൽ സിറ്റി മേയർ തിരെഞ്ഞെടുപ്പിൽ സജി പി ജോർജിന്റെ വിജയത്തിന് പുറകിൽ പ്രവർത്തിച്ച ചാലക ശക്തിയായിരുന്നു.
യഥാര്‍ഥ കോണ്‍ഗ്രസുകാരന്‍ മാത്രമായി അറിയപ്പെടുവാന്‍ ആഗ്രഹിച്ചിരുന്ന ഫിലിപ്പ് ഓവര്‍സീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് ഡാലസ് ചാപ്റ്റർ വൈസ് പ്രസിഡന്റ്ആയി പ്രവർത്തിച്ചു വരികയായിരുന്നു. ഡാളസ് കേരള അസോസിയേഷൻ, ഡാളസ് സൗഹൃദ വേദി തുടങ്ങിയ പ്രവാസി സംഘനകളെ സ്നേഹിക്കുകയും വലിയൊരു സുഹൃദ്‌ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു.
പ്രവാസി സംഘടനകളുടെ സുഹൃത്തായിരുന്ന അച്ചൻമോൻ കേരളത്തില്‍ നിന്നും ആദ്യമായി ഡാലസിലെത്തുന്നവര്‍ക്ക് സഹായ ഹസ്തവുമായി ഓടിയെത്തുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുകയും നോട്ടറി പബ്ലിക്ക് എന്ന നിലയില്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വീടുകള്‍ സന്ദര്‍ശിച്ചു പോലും നോട്ടറൈസ് ചെയ്യുന്നതിനും അദ്ദേഹം സന്നദ്ധനായിരുന്നു.
മാതാപിതാക്കളെ ബഹുമാനിക്കുകയും കരുതുകയും ചെയ്യുന്ന മകന്‍, ഭാര്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങല്‍ നല്‍കുന്ന നല്ലൊരു ഭര്‍ത്താവ്, മക്കളെ ജീവനുതുല്യം സ്‌നേഹിക്കുകയും മാതൃകാ ജീവിതം നയിക്കുകയും ചെയ്തിരുന്ന സ്‌നേഹ നിധിയായ പിതാവ്, അശരണര്‍ക്കും ആലംബഹീനര്‍ക്കും ഭാരം ഇറക്കിവയ്ക്കാവുന്ന അത്താണി, മനുഷ്യ സമൂഹത്തിന്റെ ഉദ്ധാരണത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകന്‍, സഭാ പിതാക്കന്മാരേയും പട്ടക്കാരേയും അര്‍ഹിക്കുന്ന രീതിയില്‍ ആദരിക്കുന്ന സഭാ സ്‌നേഹി, മുഖം മൂടിയില്ലാതെ മനസ്സു തുറന്നു സ്‌നേഹിക്കുന്ന നിഷ്കളങ്കന്‍, ആരെല്ലാം എന്തെല്ലാം പ്രകോപനം ഉണ്ടാക്കിയാലും പുഞ്ചിരിയോടെ നേരിടുന്ന ശാന്ത ശീലന്‍, അനീതിക്കും, അധര്‍മ്മത്തിനും എതിരെ പോരാടുന്ന ധീരയോദ്ധാവ്, സാമ്പത്തിക തകര്‍ച്ച അനുഭവിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന ധാനശീലന്‍ തുടങ്ങിയ വിശേഷണങ്ങള്‍ കൊണ്ടൊന്നും വര്‍ണ്ണിച്ചാല്‍ മതിവരാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അച്ചൻമോൻ.
ജനുവരി 28നു ശനിയാഴ്ച്ച അഞ്ചു മണിക് ഡാളസ് സെന്റ് പോൾസ് മാര്‍ത്തോമാ ചര്‍ച്ചില്‍ നടക്കുന്ന പൊതു ദർശനത്തിനും ഞായറാഴ്ച ഉച്ചക്ക് ഒരു മണിക് ഇതേ പള്ളിയിൽ വെച്ചു നടക്കുന്ന സംസ്കാര ശുശ്രൂഷയിലും സമൂഹത്തിന്റെ നാനാ തുറയിലുള്ളവരും അദ്ദേഹത്തിന് അന്തിമാഭിവാദ്യം അർപ്പിക്കുവാൻ എത്തിച്ചേരും.
അച്ചൻമോന്റെ കര്‍മ്മ നിരതമായ ഭൗതീക ജീവിതത്തിനു തല്ക്കാലം തിരശ്ശീല വീണെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനും ഒരിക്കലെങ്കിലും നേരിട്ട് ഇടപഴകുന്നതിന് അവസരം ലഭിച്ചവര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അച്ചൻമോൻ അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്തുക തല്ക്കാലം അസാധ്യം തന്നെ.
ഡാലസിലെ ഓവര്‍സീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, പിസി മാത്യു , ഡാളസ് കേരള അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ, ഡാളസ് സൗഹൃദ വേദികു വേണ്ടി എബി തോമസ് (മക്കപുഴ) തുടങ്ങിയ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടന നേതാക്കൾ ഫിലിപ്പിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.
ഫിലിപ്പ് സാമുവേലിന്റെ ആകസ്മിക നിര്യാണം ഉള്‍ക്കൊള്ളാനാകാതെ തീരാദുഃഖത്തില്‍ കഴിയുന്ന പ്രിയതമ നിരണം പട്ടമുക്കിൽ കുടുംബാംഗമായ ലിസ്സി,മക്കൾ അൽവിൻ ,ലിഡിയാ,മരുമകൾ ജിയാന്, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ആശ്വാസവും സമാധാനവും സര്‍വ്വേശ്വരന്‍ നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നതോടൊപ്പം ആ ധന്യ ജീവിതത്തിന്റെ സ്മരണക്കു മുമ്പില്‍ ശിരസ്സ് നമിക്കുന്നു.