നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായികനായി എത്തിയ ചിത്രം. അതുതന്നെയാണ് പഠാൻ ഭാഷാഭേദമെന്യെ പ്രേക്ഷക ശ്രദ്ധനേടാൻ കാരണം. തുടരെയുള്ള പരാജയങ്ങളിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വൻ ആശ്വാസമാകും പഠാൻ എന്നായിരുന്നു ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ആ വിലയിരുത്തലുകൾ വെറുതെ ആയില്ലെന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന ബോക്സ് ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ 300 കോടിയും കഴിഞ്ഞ് കുതിപ്പ് തുടരുകയാണ് പഠാൻ.
ദീപിക പദുക്കോൺ നായികയായി എത്തിയ ചിത്രം, മൂന്ന് ദിവസം പിന്നിടുമ്പോൾ 313 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റായ സുമിത് കേഡൽ ട്വീറ്റ് ചെയ്യുന്നു. ഇദ്ദേഹത്തിന്റെ കണക്ക് പ്രകാരം, ബുധനാഴ്ച 57 കോടി, വ്യാഴാഴ്ച 70.50 കോടി, വെള്ളിയാഴ്ച 39.50 കോടിയുമാണ് സ്വന്തമാക്കിയിരിക്കുന്നത്. 167 കോടിയാണ് നെറ്റ്. ഇതുൾപ്പടെ മൂന്ന് ദിവസം പിന്നിടുമ്പോൾ 313 കോടി പഠാൻ നേടിയെന്നാണ് കണക്ക്. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കണക്കാണിത്. കൂടാതെ ഈ വീക്കൻഡ് ആകുമ്പോഴേക്കും 480-500 കോടിവരെ ചിത്രം നേടുമെന്നാണ് സുമിത് കേഡലിന്റെ വിലയിരുത്തൽ.
2018-ലെ സീറോയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പഠാന്‍. യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. സിദ്ധാർത്ഥ് ആനന്ദാണ് പഠാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ജോൺ എബ്രഹാം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍, ദീപിക പാദുകോണ്‍ നായികയായി എത്തുന്നു. വിശാല്‍ ശേഖറാണ് സംഗീത സംവിധാനം.
ആറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാൻ ആണ് ഷാരൂഖിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ ഡബിൾ റോളിലാണ് ഷാരൂഖ് എത്തുന്നതെന്നാണ് വിവരം. നയൻതാരയുടെയും ആറ്റ്ലീയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം എന്ന പ്രത്യേകതയും ജവാനുണ്ട്.