ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്‍റെ അഞ്ചു കമ്പനികളിൽ ഗണ്യമായ നിക്ഷേപം നടത്തിയ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യക്ക് രണ്ടു ദിവസം കൊണ്ട് ചോർന്നു പോയത് 16,227 കോടി രൂപ.ഓഹരിയുടെ വില കുത്തനെ ഇടിഞ്ഞതു മൂലമാണിത്. 72,193 കോടി രൂപ അഞ്ചു കമ്പനികളിലായി എൽ.ഐ.സി നിക്ഷേപിച്ചിട്ടുണ്ട്. 22 ശതമാനം വിലയിടിഞ്ഞതു വഴി ഇപ്പോൾ ഈ ഓഹരി വിറ്റാൽ കിട്ടുന്നത് 55,565 കോടി രൂപ മാത്രം.
അദാനി ഓഹരികളുടെ വില ഇടിഞ്ഞതിനൊത്ത്, വൻനിക്ഷേപകരായ എൽ.ഐ.സിയുടെ ഓഹരി വില രണ്ടു ദിവസം കൊണ്ട് 5.3 ശതമാനം താഴുകയും ചെയ്തു. അദാനി കമ്പനി ഓഹരികളുടെ യഥാർഥ മൂല്യം സംബന്ധിച്ച മുന്നറിയിപ്പുകൾ നേരത്തെ ഉയർന്നെങ്കിലും ഓരോ കമ്പനിയിലെയും ഓഹരി നിക്ഷേപം പല മടങ്ങ് കൂട്ടുകയായിരുന്നു എൽ.ഐ.സി.
ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് അദാനി ഓഹരികൾക്ക്‍വൻ തിരിച്ചടിയേറ്റത്. ഓഹരികളിൽ കൃത്രിമം ഉൾപ്പടെ അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹിൻഡൻബർഗ് ഉന്നയിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പടെയുള്ള ആരോപണങ്ങളും അദാനിക്കെതിരെ ഉയർന്നിരുന്നു.