അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി 529.38 കോടി രൂപ ചെലവഴിച്ചതായി കണക്ക്

Global Indian Writer · September 24, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡല്‍ഹി: ഏറ്റവുമൊടുവില്‍ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി 529.38 കോടി രൂപ ചെലവഴിച്ചതായി കണക്ക്. ഇതില്‍ പകുതിയിലധികം പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിലാണ് ചെലവിട്ടതെന്നും പാര്‍ട്ടി തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച ചെലവ് കണക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ചെലവ് കണക്കാണ് ബിജെപി സമര്‍പ്പിച്ചത്. പശ്ചിമ ബംഗാളില്‍ മാത്രമായി 286 കോടി രൂപയാണ് പാര്‍ട്ടി ചെലവഴിച്ചത്. ആകെ ചെലവഴിച്ചതിന്റെ 54 ശതമാനം വരുമിത്.

തെരഞ്ഞെടുപ്പ് കാലയളവില്‍ 1494 കോടി രൂപയാണ് സംഭാവനകളായി ബിജെപിയുടെ അക്കൗണ്ടിലെത്തിയത്. പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയുടെ പൊതുപ്രചാരണത്തിനായി 217.16 കോടി രൂപയും സ്ഥാനാര്‍ഥികള്‍ക്കായി 69.83 കോടി രൂപയുമാണ് ചെലവഴിച്ചത്. ഇതില്‍ 58.80 കോടി രൂപ സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ട് നല്‍കിയതായും കണക്കുകളില്‍ പറയുന്നു.

അസമില്‍ 96.26 കോടി രൂപയും കേരളത്തില്‍ 82.67 കോടി രൂപയും തമിഴ്‌നാട്ടില്‍ 51.56 കോടി രൂപയും പുതുച്ചേരിയില്‍ 11.89 കോടി രൂപയുമാണ് ബിജെപി ചെലവഴിച്ചത്. ഇതോടെ അഞ്ച് സംസ്ഥാനങ്ങളിലെയും ആകെ തെരഞ്ഞെടുപ്പ് ചെലവ് 529.38 കോടി രൂപയായി. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് ശേഷം പാര്‍ട്ടിയുടെ ബാങ്ക് ബാലന്‍സും കൈവശമുള്ള പണവും ചേര്‍ന്ന തുക 7,689.06 കോടി രൂപയായിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.