വാഷിങ്ടൻ : യുഎസിലെ ടെനിസി സംസ്ഥാനത്തു മെംഫിസ് നഗരത്തിൽ നടുറോഡിൽ പൊലീസിന്റെ ക്രൂരമർദനമേറ്റ് ടൈർ നിക്കോൾസ് (29) എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ 5 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തിയതിനു പിന്നാലെ, പൊലീസ് അദ്ദേഹത്തെ വളഞ്ഞിട്ടു മർദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു. ഇടിയും ചവിട്ടും അടിയുമേറ്റുവീണ നിക്കോൾസ് ‘അമ്മേ, അമ്മേ’ എന്നു കരഞ്ഞുവിളിക്കുന്നതു വിഡിയോയിൽ കേൾക്കാം. പൊലീസ് യൂണിഫോമിൽ ഘടിപ്പിച്ച ക്യാമറയും നിരത്തിലെ ക്യാമറയും റെക്കോർഡ് ചെയ്ത 4 വിഡിയോ ദൃശ്യങ്ങളാണ് ഇന്നലെ അധികൃതർ പുറത്തുവിട്ടത്.
ഈ മാസം 7നു മർദനമേറ്റ ആഫ്രോ അമേരിക്കൻ വംശജനായ യുവാവ് 3 ദിവസത്തിനുശേഷം ആശുപത്രിയിലാണു മരിച്ചത്. സംഭവത്തിനു പിന്നാലെ സർവീസിൽനിന്ന് പുറത്താക്കപ്പെട്ട ആഫ്രോ അമേരിക്കൻ വംശജരായ 5 പൊലീസുകാർക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തിയാണു കുറ്റപത്രം സമർപ്പിച്ചത്. നിക്കോൾസിനെ പിടിച്ചത് ഡ്രൈവിങ് നിയമം ലംഘിച്ചതിന്റെ പേരിലാണെന്ന് ആദ്യം പൊലീസ് പറഞ്ഞെങ്കിലും അതിനു തെളിവില്ലെന്ന് പിന്നീടു നടന്ന അന്വേഷണത്തിൽ കണ്ടെത്തി.
ഫെഡ്എക്സ് ജീവനക്കാരനായ നിക്കോൾസിനു 4 വയസ്സുള്ള മകനുണ്ട്. മെംഫിസിൽ അമ്മയ്ക്കൊപ്പമായിരുന്നു താമസം. കാർ തടഞ്ഞശേഷം നിക്കോൾസിനെ വലിച്ചിറക്കിയശേഷമായിരുന്നു മർദനം. താൻ കുറ്റമൊന്നും ചെയ്തില്ല, വീട്ടിലേക്കു മടങ്ങുകയാണെന്ന് അയാൾ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. പൊലീസ് ഇയാളുടെ മുഖത്തു മുളകു സ്പ്രേ അടിക്കുകയും ചെയ്തു. കുതറിയോടാൻ ശ്രമിച്ച യുവാവിനെ പിന്തുടർന്നു കൂടി മർദിച്ചു.
നിലത്തുവീണ യുവാവിനെ ഒരു ഓഫിസർ വലിച്ചെഴുന്നേൽപിച്ചു നിർത്തിയപ്പോൾ മറ്റൊരാൾ തുടർച്ചയായി മുഖത്തിടിച്ചു. സ്ഥലത്തുണ്ടായിരുന്ന മറ്റു പൊലീസുകാർ തടഞ്ഞതുമില്ല. ഈ സമയമെല്ലാം യുവാവ് അമ്മയെ വിളിച്ചു കരയുന്നുണ്ടായിരുന്നു. നിക്കോൾസിന്റെ വീടിനു സമീപമായിരുന്നു സംഭവം നടന്നത്. വിഡിയോ കണ്ടു താൻ നടുങ്ങിപ്പോയെന്നും സംഭവത്തിൽ അഗാധമായി വേദനിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.