ദോഹ: ഖത്തറിലേക്ക് എത്തുന്ന എല്ലാത്തരം സന്ദര്‍ശകര്‍ക്കും ഫെബ്രുവരി 1 മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. ഒരു മാസത്തേക്ക് 50 റിയാല്‍ (ഏകദേശം 1,113 ഇന്ത്യന്‍ രൂപ) ആണ് ഇന്‍ഷുറന്‍സ് തുക. വീസ കാലാവധി നീട്ടുമ്പോഴും ഇന്‍ഷുറന്‍സ് ബാധകമാണ്. സന്ദര്‍ശക വീസ ലഭിക്കണമെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരിക്കണം. ഖത്തറില്‍ എത്ര ദിവസം താമസിക്കുന്നുണ്ടോ അത്രയും ദിവസത്തെ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാണ്. അപകടം, എമര്‍ജന്‍സി എന്നിവയ്ക്കുള്ള ചികിത്സയും അടിസ്ഥാന ആരോഗ്യ സേവനങ്ങളുമാണ് ഇന്‍ഷുറന്‍സ് പരിധിയില്‍ വരുന്നത്. മറ്റ് രോഗങ്ങള്‍ക്കുള്ള ആരോഗ്യ പരിചരണത്തിനുള്ള പ്രീമിയം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിശ്ചയിക്കാം.
പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് പോളിസി എടുക്കാം. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്തെ പ്രവാസി താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയുള്ള നിയമം നടപ്പാക്കലിന്റെ ആദ്യ ഘട്ടമാണിത്.