2024ൽ പാരീസിൽ വെച്ച് നടക്കുന്ന ഒളിമ്പിക്‌സിൽ റഷ്യൻ താരങ്ങളെ വിലക്കണമെന്ന ആവശ്യവുമായി യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കി. ഇതുസംബന്ധിച്ച് സെലൻസ്‌കി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കത്തയച്ചു. റഷ്യൻ താരങ്ങള്‍ക്ക് ഒളിമ്പിക്സില്‍ മത്സരിക്കാനുള്ള അനുവാദം നല്‍കിക്കൊണ്ടുള്ള അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു എന്നും തീരുമാനത്തിൽ ഉറച്ചു നിൽക്കാനാണ് ഭാവമെങ്കിൽ ഗെയിംസ് ബഹിഷ്‌കരിക്കുമെന്നും സെലൻസ്കി കത്തിൽ പറയുന്നു.
2024 ലെ പാരീസ് ഒളിമ്പിക്‌സിൽ റഷ്യൻ താരങ്ങളെ മത്സരിക്കാൻ അനുവദിക്കുന്നത് തടയാൻ യുക്രൈൻ അന്താരാഷ്ട്ര ക്യാമ്പയിൻ ആരംഭിക്കുമെന്ന് വെള്ളിയാഴ്ച നടത്തിയ വീഡിയോ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
റഷ്യൻ താരങ്ങളെ ഗെയിംസിലേക്ക് പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. ഭീകരത സ്വീകാര്യമാണെന്ന് ലോകത്തെ അറിയിക്കുന്നതിനു വേണ്ടിയുള്ള ഐഒസിയുടെ ശ്രമത്തിന്റെ ഭാഗമാണിത്. ഇത്തരം ഗെയിംസുകൾ ആക്രമണത്തിനോ ഭരണകൂട വർഗീയതയ്ക്കോ വേണ്ടിയുള്ള പ്രചരണമായി റഷ്യ ഉപയോഗിക്കുമെന്നും ഇതിന് റഷ്യയെ അനുവദിക്കരുതെന്നും സെലൻസ്‌കി കൂട്ടിച്ചേർത്തു.
തന്റെ രാജ്യത്ത് നിന്നുള്ള കായികതാരങ്ങൾക്ക് യുദ്ധക്കളത്തിൽ ജീവൻ നഷ്ടപ്പെടുമ്പോൾ കായികരംഗത്ത് നിഷ്പക്ഷത പാലിക്കുക അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാസ്പോർട്ടിന്റെ പേരിൽ ഒരു കായികതാരത്തെയും മത്സരത്തിൽ നിന്ന് വിലക്കേണ്ടതില്ലെന്ന് ഐഒസി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ യുക്രൈന്റെ തീരുമാനത്തെ അനുകൂലിച്ച് ബ്രിട്ടൺ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ രംഗത്തു വരുന്നുണ്ട്.