പി.പി.ചെറിയാൻ ( ഒഐസിസി യുഎസ്എ മീഡിയ ചെയർ)
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഇന്ത്യയുടെ 74- മത് റിപ്പബ്ലിക്ക് ദിനമാഘോഷിച്ചു. അതോടൊപ്പം 1948 ജനുവരി 30നു ആർഎസ്‌എസ് വർഗീയവാദിയുടെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന ലോകജനതയുടെ ആരാധ്യനായ മഹാത്മാഗാന്ധിയുടെ ഓർമകൾക്കു മുമ്പിൽ പ്രണാമം അർപ്പിച്ചു.
ജനുവരി 29 നു ഞായറാഴ്ച വൈകുന്നേരം മിസ്സോറി സിറ്റി അപ്ന ബസാർ ഹാളിൽ നടന്ന ചടങ്ങുകൾ പ്രൗഢ ഗംഭീരമായിരുന്നു.
കുമാരി ക്രിസ്റ്റൽ ജോസ് അമേരിക്കൻ ദേശീയഗാനമാലപിച്ചു. തുടർന്ന് നടന്ന ഇന്ത്യൻ ദേശീയഗാനാലാപനത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ചാപ്റ്റർ സെക്രട്ടറി ജോജി ജോസഫ് സ്വാഗതം ആശംസിച്ചു.
ഒഐസിസി യുഎസ്എ ദേശീയ ചെയർമാൻ ജെയിംസ് കൂടൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കന്യാകുമാരി മുതൽ കശ്മീർ വരെ, മഴയും വെയിലും മഞ്ഞും കൊണ്ട്, 4080 കിലോമീറ്ററുകൾ നടന്ന് ഇന്ത്യൻ ജനതയെ ചേർത്ത് പിടിച്ച് ഇന്ത്യയെ ഒന്നാക്കാൻ ശ്രമിക്കുന്ന കോൺഗ്രസിന്റെ കരുത്തനായ നേതാവ് രാഹുൽ ഗാന്ധിയുടെ ജനുവരി 30 നു നടക്കുന്ന “ഭാരത് ജോഡോ” യാത്രയുടെ സമാപന സമ്മേളനത്തിന് ഒഐസിസിയുടെ അഭിവാദ്യങ്ങളും ഉൽഘാടന പ്രസംഗത്തിൽ അർപ്പിച്ചു.
തുടർന്നു സമ്മേളനത്തിന്റെ മുഖ്യാതിഥിയായി പങ്കെടുത്ത 240 ഡിസ്ട്രിക്ട് ജഡ്‌ജായി ഉജ്ജ്വല വിജയം കൈവരിച്ച മലയാളികളുടെ അഭിമാനമായ ജഡ്ജ് സുരേന്ദ്ര കെ പട്ടേലിനെ ദേശീയ പ്രസിഡണ്ട് ബേബി മണക്കുന്നേൽ പൊന്നാടയണിയിച്ചു ആദരിച്ചു. തുടർന്ന് ബേബി മണക്കുന്നേൽ റിപ്പബ്ലിക്ക് ദിനാശംസകൾ നേർന്നതോടൊപ്പം കേരളത്തിലെ രാഷ്രീയ സാഹചര്യങ്ങളും കോൺഗ്രസ് പാർട്ടിയുടെ ഇടപെടലുകളും പ്രസംഗത്തിൽ സൂചിപ്പിച്ചു.
തുടർന്ന് ജഡ്ജ് സുരേന്ദ്രൻ കെ.പട്ടേൽ റിപ്പബ്ലിക്ക് ദിനസന്ദേശം നൽകി. നമുക്ക് മുമ്പേ നടന്നവരുടെ സഹനങ്ങൾ, ത്യാഗം പൂർണമായ ജീവിതം, അഹിംസയിൽ ഊന്നിയ സഹന സമരങ്ങൾ ഇവയൊക്കെ ഇന്ത്യയെന്ന മഹാരാജ്യത്തെ ലോക രാജ്യങ്ങളുടെ മുൻനിരയിൽ എത്തിക്കുന്നതിനു സഹായിച്ചുവെങ്കിൽ അവരെയൊക്കെ ഓർക്കുന്നതിനും, ലോകത്തെ ഏറ്റവും ശക്തമായ ഭരണഘടനയുടെ ശില്പികളായ ഡോ.ബി.ആർ.അംബദ്കർ ഉൾപ്പെടെയുള്ള മഹാരഥന്മാരെ സ്മരിക്കുന്ന നല്ല മുഹൂർത്തങ്ങളാണ് ഈ ദിനങ്ങൾ എന്ന് ജഡ്ജ് ചൂണ്ടിക്കാട്ടി. കാലിടറാതെ നമ്മെ നയിച്ച ധിക്ഷണാശാലികളുടെ നേതൃത്വം ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ വിജയമായി മാറിയെന്നും സുരേന്ദ്രൻ കെ.പട്ടേൽ പറഞ്ഞു.
തുടർന്ന് സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു ആശംസകൾ അർപ്പിച്ചു.
ബ്രിട്ടീഷുകാരുടെ ‘ബെഗർ” വിളിയിൽ തളർന്നു പോകാതെ ബ്രിട്ടീഷ് കോളനി ഭരണത്തിൽ നിന്നും ഇൻഡ്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ മഹാത്മജിയുടെ സ്മരണകൾ അയവിറക്കിയായിരുന്നു കെൻ മാത്യുവിന്റെ പ്രസംഗം. അഹിംസയുടെ പ്രവാചകനായിരുന്ന ഗാന്ധിജിയോടൊപ്പം ജവഹർലാൽ നെഹ്‌റു തുടങ്ങിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളെയും പ്രസംഗത്തിൽ സ്മരിച്ചു.
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന് അജയ്യമായ നേതൃത്വം നൽകുന്ന പൊന്നു പിള്ള, ജോയ് എൻ ശാമുവേൽ, ബിബി പാറയിൽ, ഷീല ചെറു, സന്തോഷ് ഐപ്പ്, ബിജു ചാലയ്ക്കൽ, മിനി പാണഞ്ചെരി, ജോർജ് ജോസഫ്, പ്രതീശൻ പാണഞ്ചെരി, സജി ഇലഞ്ഞിക്കൽ, ജോർജ് കൊച്ചുമ്മൻ, വർഗീസ് ചെറു തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
തുടർന്ന് ഇക്കഴിഞ്ഞ ദിവസം അന്തരിച്ച ഒഐസിസി യുഎസ്എ ഡാളസ് ചാപ്റ്റർ വൈസ് പ്രസിഡൻ്റ് ഫിലിപ്പ് ശാമുവേലിന്റെ അകാല നിര്യാണത്തിൽ സമ്മേളനം അനുശോചനം അറിയിച്ചു ഒരു മിനിറ്റ് മൗനമാചരിച്ചു.
ഒഐസിസി യുഎസ്എ ദേശീയ ജനറൽ സെക്രട്ടറി ജീമോൻ റാന്നി നന്ദി പ്രകാശിപ്പിച്ചു.