വത്തിക്കാൻ സിറ്റി : തന്റെ 40 -ാമത് അപ്പസ്തോലിക വിദേശ സന്ദർശനത്തിന്റെ ഭാഗമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എത്തിയ ഫ്രാൻസിസ് പാപ്പയ്ക്കു ലഭിച്ചത് ആവേശകരമായ സ്വീകരണം . പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2:33 ന് കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിലെ “ എൻജിലി ” അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ പാപ്പയെ സ്വീകരിക്കാൻ പ്രധാനമന്ത്രി ജീൻ മൈക്കലിന്റെ നേതൃത്വത്തിൽ വലിയ സംഘം നിലയുറപ്പിച്ചിരിന്നു . പാപ്പയെ അഭിവാദ്യം ചെയ്യാൻ കിൻഷാസയിലെ എൻജിലി വിമാനത്താവള പരിസരത്തു വലിയ ജനകൂട്ടമുണ്ടായിരിന്നുവെന്നതും ശ്രദ്ധേയമാണ് . പരമ്പരാഗത വേഷത്തിലെത്തിയ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും പാപ്പയ്ക്ക് പൂച്ചെണ്ടും പതാകയും നൽകി സ്വീകരിച്ചു .
എൻ ഡോളോ എയർപോർട്ടിൽ നിന്ന് പ്രസിഡൻഷ്യൽ വസതിയിലേക്കുള്ള അഞ്ച് മൈൽ റോഡിന് ഇരുവശവും ആയിരക്കണക്കിന് ജനങ്ങൾ പതാകകൾ വീശി ആഹ്ലാദ പ്രകടനം നടത്തിയിരിന്നു . നയതന്ത്രജ്ഞർ , സിവിൽ സമൂഹത്തിന്റെ പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുൻപ് ഫ്രാൻസിസ് പാപ്പ , പ്രസിഡന്റ് ഫെലിക്സ് ഷികെഡിയുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തി . ഈ രാജ്യത്തെയും ഈ ഭൂഖണ്ഡത്തെയും മറക്കരുതെന്നും നൂറ്റാണ്ടുകളായി തദ്ദേശവാസികൾക്ക് ദോഷകരമായി സംഭവിച്ച വിനാശകരമായ കാര്യങ്ങൾ ലോകം അംഗീകരിക്കട്ടെയെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു .
പതിറ്റാണ്ടുകളായി ഈ രാജ്യത്തെ അടയാളപ്പെടുത്തുകയും ദശലക്ഷക്കണക്കിന് മരണങ്ങൾക്ക് കാരണമാവുകയും ചെയ്ത രക്തച്ചൊരിച്ചിലിനോട് നമുക്ക് പൊരുത്തപ്പെടാൻ കഴിയില്ല . ഇവിടെ ഉണ്ടായിരിക്കാൻ താൻ വളരെയധികം ആഗ്രഹിച്ചുവെന്നും ഒടുവിൽ ഇവിടെ വന്നത് കത്തോലിക്കാ സഭയുടെ സാമീപ്യവും വാത്സല്യവും സാന്ത്വനവും നൽകാനാണെന്നും പാപ്പ പറഞ്ഞു . ഇന്നു ഫെബ്രുവരി 1 ന് കിൻഷാസയിൽ ലക്ഷകണക്കിന് വിശ്വാസികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന വിശുദ്ധ കുർബാനയിൽ പാപ്പ പങ്കെടുക്കും . തുടർന്ന് പാപ്പ രാജ്യത്തിന്റെ കിഴക്കൻ ഭാഗത്ത് നിന്നുള്ള അക്രമത്തിന് ഇരയായവരുമായും കൂടിക്കാഴ്ച നടത്തും .
1980 ലും 1985 ലും സന്ദർശിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പാത പിന്തുടർന്ന് ജനുവരി 31 മുതൽ ഫെബ്രുവരി 3 വരെയാണ് പരിശുദ്ധ പിതാവ് കോംഗോ സന്ദർശിക്കുന്നത് . പാപ്പയോടൊപ്പം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ , സുവിശേഷവൽക്കരണത്തിനായുള്ള തിരുസംഘത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലൈ , വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘർ , സഭൈക്യത്തിനായുള്ള ഡിക്കാസ്റ്ററി പ്രിഫെക്റ്റ് കർദിനാൾ കുർട്ട് കോച്ച് എന്നിവരും പാപ്പയെ അനുഗമിക്കുന്നുണ്ട് .