യുഎഇയിൽ കനത്ത തണുപ്പ് തുടരുമെന്ന് വ്യക്തമാക്കി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഫെബ്രുവരി പകുതിയുടെ മാത്രമേ ചില പ്രദേശങ്ങളിൽ എങ്കിലും താപനിലയിൽ നേരിയ വർദ്ധനവ് ഉണ്ടാകുകയുള്ളൂ എന്നും ബുധനാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ എൻസിഎം വ്യക്തമാക്കി. രാജ്യത്ത് ഈ മാസത്തെ ശരാശരി കൂടിയ താപനില 23°C മുതൽ 28°C വരെയും കുറഞ്ഞ താപനില 12°C നും 16°C നും ഇടയിലായിരിക്കുമെന്ന് എൻസിഎം കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.സൈബീരിയയിലെ അതിശൈത്യത്തെ വഹിച്ചുകൊണ്ട് യുഎഇയുടെ വടക്ക് ഭാഗത്ത് നിന്ന് നിന്ന് വരുന്ന കാറ്റ് അറേബ്യയിലെ ഗൾഫ് മേഖലകളെ ഏറ്റവും അധികം ബാധിക്കുന്ന മാസങ്ങളിലൊന്നാണ് ഫെബ്രുവരി. അതിനാൽ തന്നെ താപനിലയിൽ ഇനിയും കുറവ് വന്നേക്കാം. മെഡിറ്ററേനിയൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം കടന്നുപോകുന്നത് രാജ്യത്തെ ബാധിക്കും. ഇത് അസ്ഥിരമായ കാലാവസ്ഥയിലേക്ക് അന്തരീക്ഷത്തെ നയിക്കുന്നു. കനത്ത പൊടി കാറ്റ് വീശും. ചില സമയത്ത് നേരിയ മഴയും മൂടിയ കാലാവസ്ഥയും ഉണ്ടാകുമെന്ന് NCM റിപ്പോർട്ട് പറയുന്നു.
രാവിലെ ഉണ്ടാകുന്ന തെക്കുകിഴക്കൻ കാറ്റ് ഉച്ചതിരിഞ്ഞ് വടക്കുപടിഞ്ഞാറൻ കാറ്റായി മാറും. ഷമാൽ എന്ന് അറിയപ്പെടുന്ന ഈ കാറ്റ് രാജ്യത്തെ ബാധിക്കും. കൂടാതെ, ഈ മാസം ആപേക്ഷിക ആർദ്രത വർദ്ധിക്കുമെന്നും, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.