ന്യൂഡൽഹി: മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇന്ന് ജയിൽ മോചിതനാകും. യു.എ.പി.എ കേസിലും ഇഡികേസിലും കഴിഞ്ഞ വർഷം തന്നെ ജാമ്യം ലഭിച്ചെങ്കിലും വെരിഫിക്കേഷൻ പൂർത്തിയാകാത്തതിനെ തുടർന്ന് ജയിൽ മോചനം നീണ്ടുപോകുകയായിരുന്നു. 2020 ഒക്ടോബർ അഞ്ചിനാണ് കാപ്പൻ അറസ്റ്റിലാകുന്നത്.
യു.എ.പി.എ കേസിൽ സെപതംബർ 9 നു സുപ്രിംകോടതിയും ഇഡികേസിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗബെഞ്ചു ഡിസംബർ 23 നു നുമാണ് സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. ലഖ്‌നൗ സർവകലാശാല മുൻ വിസി രൂപ് രേഖ് വർമ്മ അടക്കമുള്ളവർ ജാമ്യം നിൽക്കാൻ തയാറായി രേഖകൾ കൈമാറിയെങ്കിലും വെരിഫിക്കേഷന്റെ പേരിൽ മാസങ്ങൾ വൈകി. ഹാഥ്റസിലെ ബലാത്സംഗക്കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്നുന്നതിനിടെ മധുര ടോൾ പ്ലാസയിൽ വച്ചാണ് കാപ്പൻ അറസ്റ്റിലാകുന്നത് . കാറിൽ ഒപ്പം സഞ്ചരിച്ചവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആണെന്നും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയായ കാപ്പന് പി.എഫ്.ഐയുമായി ബന്ധമുണ്ടെന്നും പൊലീസ് വ്യാഖ്യാനിച്ചു.
പി.എഫ്.ഐ യുടെ മുഖപത്രമായിരുന്ന തേജസിന്റെ ഡൽഹി മുൻ ലേഖകൻ കൂടിയായിരുന്നു സിദ്ദിഖ് കാപ്പൻ. വർഗീയ കലാപമുണ്ടാക്കലും സൗഹൃദ അന്തരീക്ഷം തകർക്കലും ഗൂഢാലോചനയും ചേർത്ത് യു.എ.പി.എ ചുമത്തി. അമ്പത്തിനായിരത്തിൽ താഴെ രൂപ മാത്രമാണ് കാപ്പന്റെ അക്കൗണ്ടിൽ അവശേഷിച്ചെങ്കിലും അനധികൃതമായി പണമെത്തിയെന്നു ആരോപിച്ചു ഇഡിയും കേസെടുത്തു. മാതാവിന് അസുഖമായപ്പോഴും കോവിഡ് ബാധിച്ചപ്പോഴുമാണ് ഇതിന് മുൻപ് ജയിലിനു പുറത്തിറങ്ങിയത്. ജാമ്യവ്യവസ്ഥ അനുസരിച്ചു ജയിലിൽ നിന്ന് പുറത്തിറങ്ങിയാലും ആറാഴ്ച ഡൽഹിയിൽ കഴിയേണ്ടിവരും.