കൊച്ചി: പ്രബന്ധവിവാദത്തിൽ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് മാപ്പ് നൽകിയെന്ന് ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ മകൾ ലളിത ചങ്ങമ്പുഴ. ‘തെറ്റുപറ്റിയെന്ന് ചിന്ത നേരിട്ടെത്തി അറിയിച്ചു.ഒരു വിദ്യാർഥിക്ക് പറ്റിയെന്ന തെറ്റെന്ന് കണ്ട് ക്ഷമിക്കുന്നു. അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിലും ക്ഷമിക്കുമായിരുന്നെന്നും ലളിത പറഞ്ഞു.
‘പ്രബന്ധം എഴുതുമ്പോൾ ശ്രദ്ധിക്കാമായിരുന്നെന്ന് അവർക്ക് തന്നെ തോന്നി. പ്രബന്ധം ഇംഗ്ലീഷിലാണ് എഴുതിയത്. ആ കുട്ടി ആശയം ഉൾക്കൊണ്ടതാണെന്നും കോപ്പി അടിച്ചിട്ടില്ലെന്നും സമ്മതിച്ചിട്ടുണ്ട്. സാധാരണ പെൺകുട്ടിക്കാണ് ഈ തെറ്റ് സംഭവിക്കുന്നതെങ്കിൽ അത്ര ഗൗനിക്കില്ലായിരുന്നു. ഇത് ഇത്രയും വലിയ പദവിയിലിരിക്കുകയും പഠിപ്പും വിവരവുമുള്ള ഒരാള്‍ ചങ്ങമ്പുഴയുടെ വാഴക്കുല മാറ്റി വൈലോപ്പിള്ളിക്ക് കൊടുത്തത് ന്യായീകരിക്കാൻ പറ്റില്ലെന്നും ഞാൻ ചിന്തയോട് പറഞ്ഞു. പിന്നെ വിദ്യാർഥിയെന്ന നിലയിൽ ക്ഷമിച്ചിരുന്നു. അതിലുപരി ഗവേഷണത്തിന് ഗൈഡായിരുന്നവരെയും പ്രൊഫസർമാരെയുമാണ് കുറ്റപ്പെടുത്തേണ്ടത്’.. ഡോക്ടറേറ്റ് റദ്ദാക്കണമോയെന്ന് ഗവർണർ തീരുമാനിക്കട്ടെയെന്നും ഗവർണർ എന്തുപറയുന്നുവോ അതാണ് ന്യായംമെന്നും അവര്‍ പറഞ്ഞു.