കർണാടക – തമിഴ്നാട് അതിർത്തിയിൽ ജെല്ലിക്കെട്ടിനിടെ അക്രമം. ഹുസൂറിനടുത്താണ് സംഭവമുണ്ടായത്. കേരളത്തിൽ നിന്ന് പോയ വാഹനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. പോലീസ് അക്രമികൾക്ക് നേരെ വെടിയുതിർത്തു. രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.
ഹൊസൂറിന് അടുത്ത് വെച്ച് ഒരു ഗ്രാമത്തിൽ ജെല്ലിക്കെട്ട് നടക്കുകയായിരുന്നു. ഈ ജെല്ലിക്കെട്ടിന് ഇടയിലാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. നാട്ടുകാരും പോലീസും തമ്മിലായിരുന്നു ആദ്യ ഘട്ടത്തിൽ അക്രമം. പിന്നീട്, അതുവഴി വന്ന വാഹനങ്ങൾ നാട്ടുകാർ തടഞ്ഞിടുകയായിരുന്നു. ഈ വാഹനങ്ങളിൽ നിന്ന് ആളുകളെ ഇറക്കി ഓടിക്കുകയും ചെയ്തു.
ഇതിനിടയിലാണ് തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്ക് ദീർഘദൂര സർവീസ് നടത്തിയ ഒരു സ്വകാര്യ ബസ് അവിടെ എത്തപ്പെടുന്നത്. 23 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ബസ് ഏറെ നേരം നിർത്തിയിട്ടു. ഇതിനിടയിൽ അക്രമിക്കൂട്ടം എത്തി ബസിന് നേരെ കല്ലെറിയുകയാണ് ഉണ്ടായത്. കല്ലേറിൽ ബസ്സിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു. അരികിലെ ചില്ലും സമാനമായ രീതിയിൽ തന്നെ തകർന്നിട്ടുണ്ട്. ഇതിനിടെ ബസിൽ നിന്ന് യാത്രക്കാരെ മുഴുവൻ ഇറക്കി ഓടിച്ചു. അവർ ജീവൻ കയ്യിൽ പിടിച്ചാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. ഇതിനുശേഷം പൊലീസ് എത്തിയാണ് ഈ ബസ് വീണ്ടെടുത്തത്. നാട്ടുകാർക്ക് നേരെ പോലീസ് റബ്ബർ ബുള്ളറ്റ് പ്രയോഗിക്കുകയും ചെയ്തു.