കാസർകോട്ട് ബൈബിൾ കത്തിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചയാൾക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് കെസിബിസി. മതസൗഹാര്‍ദ്ദവും സമാധാനവും നശിപ്പിക്കാൻ ശ്രമിക്കുവാണെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലാക്കപ്പിള്ളി പറഞ്ഞു.
ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനു ഉള്ളതുപോലെ തന്നെ മതസ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള കടമയും സര്‍ക്കാരിനുണ്ട്. ബൈബിള്‍ കത്തിച്ചയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നും ഫാ. ജേക്കബ് ജി പറഞ്ഞു.
ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിള്‍ കത്തിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എരിഞ്ഞിപ്പുഴ മുസ്തഫ എന്ന് സ്വയം വെളിപ്പെടുത്തിയ കാസര്‍കോട് സ്വദേശിക്കെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തിരിക്കുന്നത്.
സ്വിറ്റ്‌സർലൻഡിൽ ഖുറാൻ കത്തിച്ചതിനോടുള്ള പ്രതികാരമെന്ന് പറഞ്ഞ് പ്രതി മുസ്തഫ ബൈബിൾ മേശപ്പുറത്തേക്ക് വയ്‌ക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ബൈബിളിന്റെ പേജുകൾ മറിച്ച് അതിന് പുറത്തേക്ക് വെളിച്ചെണ്ണ ഒഴിക്കുന്നു. കത്തിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ ഗ്യാസ് സ്റ്റൗവ് കത്തിച്ച ശേഷം അതിന് മുകളിൽ ബൈബിളിന്റെ പേജുകൾ കമഴ്‌ത്തി വച്ച് കത്തിക്കുകയായിരുന്നു.തീ പടര്‍ന്നു പിടിക്കുന്നതിനായി ഇടക്കിടെ ഇയാള്‍ എണ്ണ ഒഴിച്ചുകൊടുക്കുന്നതും വീഡിയേയില്‍ ദൃശ്യമാണ്. വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്തുവന്നതോടെയാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.