Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'നീതിയില്ലാത്ത നികുതി: ജനത്തെ മറന്ന ബജറ്റ്' ജെയിംസ് കൂടൽ എഴുതുന്നു

‘നീതിയില്ലാത്ത നികുതി: ജനത്തെ മറന്ന ബജറ്റ്’ ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടല്‍
(ചെയര്‍മാന്‍, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്, യുഎസ്എ)

കോവിഡാനന്തരം മലയാളി അതിജീവനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന കാലമാണിത്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ സാമ്പത്തിക അടിത്തറ ഉറപ്പുവരുത്താന്‍ ഓരോ ഭരണകൂടത്തിനും ഉത്തരവാദിത്തമുണ്ട്. എന്നാലിതാ കേന്ദ്ര ബജറ്റിനു പിന്നാലെ സംസ്ഥാന ബജറ്റും മലയാളിയുടെ നടുവൊടിയ്ക്കുകയാണ്. ഖജനാവ് എന്തുകൊണ്ട് കാലിയായി എന്നു ചിന്തിക്കാതെ, എങ്ങനെ നികുതിഭാരം കൂട്ടാം എന്ന ചിന്തയിലേക്ക് മാത്രമാണ് ധനകാര്യ മന്ത്രിയ്ക്ക് എത്താന്‍ കഴിഞ്ഞത്. ജനവികാരം മനസ്സിലാക്കാതെ ജനത്തെ വലയ്ക്കുന്ന ഈ ബജറ്റിനെ ആര്‍ക്കാണ് ന്യായീകരിക്കാന്‍ കഴിയുക.

പിണറായി സര്‍ക്കാര്‍ ഓരോ ബജറ്റ് കാലത്തും നികുതി ഭാരം ഉയര്‍ത്തികൊണ്ടുവരിക മാത്രമാണ് ചെയ്തത്. സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ സര്‍ക്കാരില്‍ നിന്നാണീ വിരോധാഭാസം. ഇന്ധനത്തിനും മദ്യത്തിനും സെസ് ഏര്‍പ്പെടുത്തിയത് പാവങ്ങള്‍ക്ക് കഞ്ഞികുടിക്കാനാണെന്ന ന്യായം പറച്ചിലും മന്ത്രിയില്‍ നിന്നുവന്നതോടെ പൊട്ടിച്ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല. സാധാരണക്കാരുടെ നാടാണ് കേരളം. അതുകൊണ്ടുതന്നെ ഈ ഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ചൂഷണം ചെയ്തുകൊണ്ട് എങ്ങനെ ഖജനാവ് നിറയ്ക്കാമെന്ന പ്രസംഗമാണ് ബജറ്റെന്ന പേരില്‍ അരങ്ങേറിയത്. വീട്, വൈദ്യുതി, വാഹനം, മുദ്രപത്രം തുടങ്ങി സാധാരണക്കാര്‍ക്ക് ഇടപെടേണ്ടി വരുന്ന കാര്യങ്ങളിലെ നികുതി വര്‍ധനവ് അംഗീകരിക്കാന്‍ കഴിയില്ല.

ഇന്ധനവര്‍ധനവിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച സഖാക്കന്മാരുടെയും നാടാണിത്. അപ്പോഴൊക്കെ കേന്ദ്രത്തിനെ കണക്കിന് വിമര്‍ശിക്കുകയും ചെയ്തു. സംസ്ഥാന ബജറ്റ് വരുമ്പോള്‍ ഇതിന് മറുപടി കിട്ടുമെന്ന് വീമ്പടിച്ച ചുവപ്പിന്റെ കൂട്ടുകാരും ഇവിടെയുണ്ട്. സാമൂഹിക സുരക്ഷാ സെസ്സിന്റെ പേരില്‍ രണ്ടുരൂപ വീതമാണ് ഇനി ഇന്ധനത്തില്‍ നിന്നും പിഴിയാന്‍ പോകുന്നത്. ഇന്ധനവര്‍ധനവ് സ്വാഭാവികമായും നിത്യോപയോഗ സാധാനങ്ങളുടേയും വില വര്‍ധിപ്പിക്കുന്നതിന് കാരണമാകും. ഇതും മുന്‍കൂട്ടി കണ്ടു തന്നെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. നിത്യോപയോഗ സാധനങ്ങളില്‍ തുടങ്ങി ആ വര്‍ധനവ് യാത്രാ നിരക്കുകളില്‍ വരെയെത്തും. ഇനി ഇതിനെ ന്യായീകരിക്കാന്‍ സഖാക്കള്‍ എന്ത് ക്യാപ്‌സൂളുമായി വരുമെന്ന് വരും ദിവസങ്ങളില്‍ കണ്ടറിയാം.

ശാസ്ത്രീയമല്ലാത്തതും ഗൗരവത്തോടെ പഠനം നടത്തി അവതരിപ്പിക്കാന്‍ കഴിയാതെ പോയതുമാണ് ബജറ്റിന്റെ പ്രധാന വീഴ്ച. നികുതി കൃത്യമായി പിരിക്കുന്നതില്‍ സര്‍ക്കാരിന് സംഭവിച്ച വീഴ്ചകള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. എന്നാലിത് മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചിട്ടുളളത്. സംസ്ഥാനത്തിന്റെ പൊതുകടം ഉയരുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നും ഇതുതന്നെയാണ്.

പിണറായി മന്ത്രിസഭയുടെ ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഏറെയും വലിയ തമാശകള്‍ മാത്രമാണ്. ചുരുക്കത്തില്‍ വലിയ പ്രഖ്യാപനങ്ങള്‍ നടത്തി കൈയ്യടി വാങ്ങി മുങ്ങി കളയുക. കാരണം കഴിഞ്ഞുപോയ ബജറ്റുകളില്‍ എന്തൊക്കെ നടപ്പിലായി എന്ന് പരിശോധിച്ചാല്‍ തന്നെ ഇതിന്റെ കപടമുഖങ്ങള്‍ അഴിഞ്ഞു വീഴും. ഈ ബജറ്റിനെങ്കിലും ആ ഗതി വരാതിരിക്കട്ടെ എന്ന് ആശിച്ചു പോകുകയാണ്. അടിച്ചേല്‍പ്പിച്ച നികുതിയില്‍ എന്തെങ്കിലുമൊക്കെ ഇളവ് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ സാധാരണക്കാരന്‍ ആത്മഹത്യയുടെ വക്കിലെത്തും. കാരണം ജനങ്ങളുടെ പ്രതീക്ഷയായ അവരുടെ ഭരണകൂടമാണ് അവര്‍ക്കു നേരെ മുഖം തിരിഞ്ഞു നില്‍ക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments