തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി വർധനവിന് എതിരെ കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും. ജില്ലാ കേന്ദ്രങ്ങളിൽ ഡി.സി.സി കളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. വൈകിട്ട് മണ്ഡലം കമ്മറ്റികൾ പന്തം കൊളുത്തി പ്രകടനം നടത്തും. സാധാരണക്കാരുടെ മേൽ അധിക നികുതി അടിച്ചേൽപ്പിക്കുകയാണ് സർക്കാർ ചെയ്തതെന്ന് കെ.പി.സി.സി കുറ്റപ്പെടുത്തി. തിങ്കളാഴ്ച നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും.
സാധാരണക്കാരന്‍റെ നിത്യജീവിതത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍. പെട്രോളിനും ഡീസലിനും രണ്ട് രൂപ വര്‍ധിക്കുന്നതോടെ വിലക്കയറ്റം രൂക്ഷമാകും. മദ്യവില 40 രൂപ വരെ കൂട്ടിയപ്പോള്‍ ഭൂമിയുടെ ന്യായവില കുത്തനെ കൂട്ടിയും ധനസമാഹരണത്തിന് ധനമന്ത്രി മുതിര്‍ന്നതോടെ ജനങ്ങള്‍ക്ക് അമിത ഭാരമായി മാറി. ജനത്തെ പിഴിഞ്ഞിട്ടും ബാലഗോപാലിന്‍റെ മൂന്നാമത്തെ ബജറ്റിലും സാമൂഹിക ക്ഷേമ പെന്‍ഷന്‍ ഒരു രൂപ പോലും കൂട്ടിയില്ല.
ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നികുതി വര്‍ധനവാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഭൂമിയും വാഹനവും വൈദ്യുതിയും അടക്കം കൂട്ടാവുന്നിടത്തെല്ലാം നികുതി കൂട്ടിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന കെട്ടിട നികുതി മുതല്‍ പെര്‍മിറ്റ് ഫീസ് വരെയുള്ളവ ഉയര്‍ത്തി.ഒറ്റത്തവയുള്ള മോട്ടോര്‍ നികുതിയും വാഹന സെസും ഉയര്‍ത്തിതോടെ വാഹനവിലയും കൂടും. കോര്‍ട്ട് ഫീ സ്റ്റാമ്പുകളുടെ നിരക്ക് പരിഷ്കരിക്കാനുള്ള തീരുമാനത്തിനൊപ്പം കോര്‍ട്ട് ഫീസും വര്‍ധിപ്പിക്കും.