കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചെന്ന പരാതിയില്‍ നടപടി. ജനിക്കാത്ത കുട്ടിയുടെ പേരില്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മെഡിക്കല്‍കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറിനെതിരെ പൊലീസ് കേസെടുത്തു.
മുന്‍സിപ്പാലിറ്റി ജീവനക്കാരി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി. അനില്‍കുമാര്‍ ജീവക്കാരിയെ സമീപിക്കുകയും ചില രേഖകള്‍ കാണിച്ച ശേഷം ഇത് കാണിച്ച് ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടണമെന്ന് പറയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ അന്വേഷിച്ചപ്പോള്‍ ഇത്തരത്തിലൊരു പ്രസവം ആശുപത്രിയില്‍ നടന്നിട്ടില്ലെന്ന് ജീവനക്കാരിക്ക് മനസിലായി. തുടര്‍ന്നാണ് ഇവര്‍ കളമശ്ശേരി പൊലീസില്‍ പരാതിയുമായി എത്തിയത്.
സംഭവത്തില്‍ കളമശേരി മെഡിക്കല്‍ കോളേജ് അധികൃതരും ആശുപത്രിയില്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ആശുപത്രി ജീവനക്കാരനൊപ്പം പരാതിക്കാരിക്കെതിരെയും അന്വേഷണം വേണമെന്നാണ് ആശുപത്രി സൂപ്രണ്ട് പൊലീസിന് നല്‍കിയ രണ്ടാമത്തെ പരാതിയില്‍ പറയുന്നത്. അനില്‍ കുമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രസവവാര്‍ഡുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നിടത്തെത്തിയിരുന്നതായും ജനന സര്‍ട്ടിഫിക്കറ്റിന്റെ ഒരു അപേക്ഷാ ഫോം കൈവശപ്പെടുത്തിയെന്നുമാണ് മെഡിക്കല്‍ കോളേജിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
എന്നാല്‍ പരാതിക്കാരി മെഡിക്കല്‍ കോളേജ് അധികൃതരെ വിവരമറിയിച്ചില്ലെന്നും ആശുപത്രി അധികൃതരാണ് പിന്നീട് പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയതെന്നുമാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പരാതിയില്‍ പറയുന്നത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ അന്വേഷണം നടത്തി നടപടിയെടുത്തുവെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു.