ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ‘പഠാൻ’ ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് റിലീസ് ചെയ്ത് പത്ത് ദിനങ്ങൾ പിന്നിടുമ്പോൾ 729 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഒട്ടേറെ റെക്കോഡുകൾ തകർത്താണ് ചിത്രം പ്രദർശനം തുടരുന്നത്. ഒട്ടേറെ എതിർപ്പുകളും ബഹിഷ്കരണാഹ്വാനവും ഉണ്ടായിട്ടും ചിത്രം ആദ്യദിനംമാത്രം 106 കോടിയോളമാണ് നേടിയത്. ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരാണ് മറ്റു താരങ്ങൾ.
ഇന്ത്യൻ സിനിമകൾക്ക് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്ന പാകിസ്താനിൽ ‘പഠാൻ’ അനധികൃതമായി പ്രദർശിപ്പിക്കുന്നുവെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. കറച്ചായിലും മറ്റും പ്രദർശനം സംഘടിപ്പിച്ചുവെന്നും തുടർന്ന് സിന്ധ് ബോർഡ് ഓഫ് ഫിലിം സെൻസർ ഇടപെട്ട് പ്രദർശനം മുടക്കിയെന്നും പാകിസ്താൻ മാധ്യമം ഡോൺ റിപ്പോർട്ട് ചെയ്യുന്നു. കടുത്ത സാമ്പത്തിക മാന്ദ്യത്തിനിടയിലും 900 പാകിസ്താൻ രൂപയ്ക്കാണ് ടിക്കറ്റുകൾ വിറ്റുപോയത്. ഒട്ടുമിക്ക ഷോകളും ഹൗസ് ഫുൾ ആയിരുന്നു.
സിനിമയുടെ പ്രദർശനം തടഞ്ഞ ശേഷം സി.ബി.എഫ്.സി. കർശന നിർദ്ദേശങ്ങളാണ് ഇറക്കിയിരിക്കുന്നത്. സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്തിയ സിനിമകളെ പൊതുവിടങ്ങളിലും സ്വകാര്യ ഇടങ്ങളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കൂ. അനധികൃതമായിചിത്രം പ്രദർശിപ്പിച്ചാൽ മൂന്ന് വർഷം വരെ തടവും 10,0000 പാകിസ്താൻ രൂപ പിഴയും ലഭിക്കും- പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
‘പഠാന്റെ’ ഒ.ടി.ടി. സ്ട്രീമിങ് ആരംഭിച്ചാൽ പാകിസ്താനിൽ ലഭ്യമായേക്കും. 100 കോടി രൂപയ്ക്ക് ആമസോൺ പ്രൈം ചിത്രം വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. പാകിസ്താനിൽ ബോളിവുഡ് ചിത്രങ്ങൾക്ക് ഒട്ടേറെ ആരാധകരുണ്ട്. 1965 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തെ തുടർന്ന് പാകിസ്താൻ ഇന്ത്യൻ ചിത്രങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നീട് ജനറൽ പർവേസ് മുഷാറഫിന്റെ കാലത്താണ് പ്രദർശനം പുനഃരാരംഭിക്കുന്നത്.. 2019 ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെയാണ് ബോളിവുഡ് സിനിമകൾക്ക് പാകിസ്താൻ വീണ്ടും നിരോധനം ഏർപ്പെടുത്തിയത്.