ജുബ (തെക്കൻ സുഡാൻ): സ്ത്രീകളെ ഏതു തരത്തിൽ പരിഗണിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും തെക്കൻ സുഡാന്റെ ഭാവിയെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ മുന്നറിയിപ്പ്. സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ അക്കമിട്ടു നിരത്തിയായിരുന്നു മാർപാപ്പയുടെ പ്രസംഗം. ലൈംഗികാതിക്രമങ്ങൾ ഭയാനകമായ അളവിലെത്തി. ബാലവിവാഹം സർവസാധാരണമായിരിക്കുന്നു. സ്ത്രീകളെയും പെൺകുട്ടികളെയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണം. രാജ്യത്തിന്റെ ഭാവിക്ക് അനിവാര്യമാണിത്.
അനീതിയോടും അധികാര ദുർവിനിയോഗത്തോടുമൊപ്പം പക്ഷപാതിരഹിതമായി തുടരുകയല്ല; മറിച്ച്, അതിനെതിരേ ശബ്ദമുയർത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജുബയിലെ സെന്റ് തെരേസാസ് കത്തീഡ്രലിൽ ബിഷപ്പുമാരോടും വൈദികരോടും കന്യാസ്ത്രീകളോടും സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. തെക്കൻ സുഡാനിൽ കൊല്ലപ്പെട്ട വൈദികർക്കുവേണ്ടി മാർപാപ്പ മൗനപ്രാർഥനയും നടത്തി. മാർപാപ്പയുടെ ത്രിദിന ആഫ്രിക്കൻ സന്ദർശനത്തിന്റെ രണ്ടാം ദിനത്തിലായിരുന്നു കൂടിക്കാഴ്ച. ആഭ്യന്തരയുദ്ധം രൂക്ഷമായ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായായിരുന്നു സന്ദർശനം.