കുവൈത്തിൽ തൊഴിൽ പരിശോധനക്കായുള്ള പുതിയ സംഘം ചുമതലയേറ്റു. 76 ജുഡീഷ്യൽ ഇൻസ്‌പെക്ടർമാരാണ് ചുമതലയേറ്റത്. ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന് മുന്നിൽ അവർ സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തെ തൊഴിൽ വിപണിയിൽ പരിശോധന ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ നേതൃത്വത്തിൽ ജൂഡീഷ്യൽ ഇൻസ്‌പെക്ടർമാരെ നിയമിച്ചത്.
നിയമ ലംഘകരെ കണ്ടെത്തുന്നതിന് പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം. ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഡയറക്ടർ ജനറൽ മർസൂഖ് അൽ ഒതൈബി, മാൻപവർ പ്രൊട്ടക്ഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഫഹദ് അൽ മുറാദ്, ഖാലിദ് അൽ തവാല എന്നിവർ പങ്കെടുത്തു.
പുതുതായി സ്ഥാനമേറ്റ ഇൻസ്‌പെക്ടർമാർക്ക് അഭ്യന്തര മന്ത്രി ആശംസകൾ നേർന്നു. വലിയ ഉത്തരവാദിത്തമാണ് നിർവ്വഹിക്കാനുള്ളതെന്നും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സത്യസന്ധതയോടും ആത്മാർത്ഥയോടും ജോലിചെയ്യാനും ഉദ്യോഗസ്ഥരോട് ശൈഖ് തലാൽ നിർദ്ദേശിച്ചു. അതിനിടെ രാജ്യത്തെ തൊഴിൽ വിപണിയിലെ നിയമവിരുദ്ധ പ്രവണതകൾ തടയാനുള്ള ഗവൺമെൻറിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.